22 November Friday

തലവടിയിൽ 70 കുടുംബം വെള്ളക്കെട്ടിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടിലായ വീട്ടിൽനിന്ന് പുറത്തേക്ക് വള്ളത്തിൽ പോകുന്ന തലവടി 
പുറന്തടമാലിയിൽ കണ്ണൻ. വെള്ളക്കെട്ടിലൂടെ യാത്രചെയ്യാൻ മാത്രം വാങ്ങിയതാണ് ഈ വള്ളം

 സ്വന്തം ലേഖിക

ആലപ്പുഴ 
കിഴക്കൻവെള്ളത്തിന്റെ വരവിൽ അപ്പർകുട്ടനാട്ടിൽ ജലനിരപ്പുയരുന്നു. നിരവധി വീടുകളിൽ വെള്ളംകയറി. ആറുകളും തോടുകളും കവിഞ്ഞു. റോഡുകളടക്കം വെള്ളത്തിനടിയിലായി. നീരേറ്റുപുറത്ത്‌ ഒരു ദുരിതാശ്വാസ ക്യാമ്പ്‌ തുടങ്ങി.
   നീരേറ്റുപുറം, കിടങ്ങറ, കാവാലം, നെടുമുടി എന്നിവിടങ്ങളിൽ അപകടനിലയ്‌ക്കും മുകളിലാണ്‌ വെള്ളം. തലവടി ഏഴാം വാർഡായ നീരേറ്റുപുറത്ത്‌ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമായി. മൂന്ന്‌ ദിവസമായി ഇവിടം വെള്ളക്കെട്ടിലാണ്‌. കുതിരച്ചാൽ പുതുവലിലെ എഴുപതോളം കുടുംബം വെള്ളപ്പൊക്കഭീഷണിയിലാണ്‌. വ്യാഴം രാവിലെയോടെ 15 വീടിനുള്ളിൽ വെള്ളംകയറി.  വീട്ടുമുറ്റങ്ങളിൽ മുട്ടിനുമേൽ വെള്ളമുണ്ട്‌.  പകർച്ചവ്യാധി ഭീഷണിയുമുണ്ട്‌. 
   റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം നിശ്‌ചലമായി. ചെറുവള്ളങ്ങളിലാണ്‌ ആളുകൾ അത്യാവശ്യ കാര്യങ്ങൾക്കായി  സഞ്ചരിക്കുന്നത്‌. മണിമലയാറ്റിലെ ജലനിരപ്പ്‌ കൂടിയതോടെയാണ്‌ വീടുകളിലേക്ക്‌ വെള്ളം കയറിത്തുടങ്ങിയത്‌. കിഴക്കൻവെള്ളത്തിന്റെ വരവ്‌ തുടങ്ങി. കനത്തമഴയും തുടരുന്നതിനാൽ ജലനിരപ്പ്‌ താഴുന്നില്ല. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top