22 December Sunday

കാൽപ്പന്തിൽ പ്രതാപം വീണ്ടെടുക്കാൻ

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2024

ഞായറാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന കേരളാ സൂപ്പർ ലീഗ് മത്സരത്തിൽനിന്ന്

തിരുവനന്തപുരം
കാ​ൽപ്പ​ന്തിന്റെ മഹത്തായ പാരമ്പര്യമുള്ള തലസ്ഥാനം സൂ​പ്പ​ർ ലീ​ഗ് കേ​ര​ളയിലൂടെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ്‌. ഒരു കാലത്ത് കാൽപ്പന്തിന്റെ തട്ടകമായിരുന്ന തിരുവനന്തപുരം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യം 33 വ​ർ​ഷ​ത്തെ ഇ​ട​വേ​ളയ്‌​ക്കു​ശേ​ഷം ടൂർണമെന്റിലൂടെ സജീവമാകുന്നു. 
 
തലസ്ഥാനത്തിന്റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പൻസിന്റെയും തൃശൂർ മാജിക് സിറ്റി എഫ്സിയുടെയും മത്സരം കാണാൻ ഏഴായിരത്തിലധികം പേരാണെത്തിയത്‌. 5800 ടിക്കറ്റും വിറ്റു. അടുത്ത മത്സരം ശനിയാഴ്ച തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ എഫ്സിയും തമ്മിലാണ്. ഈ മത്സരം കാണാൻ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
സ​ന്തോ​ഷ് ട്രോ​ഫി​ക്കും ദേ​ശീ​യ ഗെ​യിം​സ് ഫുട്‌ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കും ജി വി രാ​ജ, നെ​ഹ്റു ക​പ്പ് അ​ട​ക്കം അ​റി​യ​പ്പെ​ടു​ന്ന ടൂ​ർ​ണ​മെ​ന്റുകൾക്കും വേ​ദി​യാ​യ ചരിത്രമാണ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തിനുള്ളത്. 1991​ലെ നെ​ഹ്റു​ക​പ്പാണ്  ഇവിടെ നടന്ന  സു​പ്ര​ധാ​ന​മാ​യ ടൂ​ർ​ണ​മെന്റ്. സൂപ്പർ ലീഗിനായി അറ്റകുറ്റപ്പണികൾ നടത്തി പുതുമോടിയിലാക്കിയിരുന്നു സ്റ്റേഡിയം.
 1956ൽ സ്ഥാപിക്കുകയും 2015ലെ കേരള ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആധുനികവൽക്കരിക്കുകയും ചെയ്ത സ്റ്റേഡിയം അതിനുശേഷം ഇപ്പോഴാണ് വീണ്ടും പുതുക്കിയത്. 
സംസ്ഥാന പൊലീസിന്റെ ആദ്യത്തെ ഇൻസ്‌പെക്ടർ ജനറലായ എൻ ചന്ദ്രശേഖരൻ നായരുടെ ബഹുമാനാർഥമാണ് സ്റ്റേഡിയത്തിന് ഈ പേര് നൽകിയത്. 
ലോകത്തെ നിരവധി ഫുട്‌ബോൾ ഇതിഹാസ താരങ്ങളുടെ മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയായിട്ടുണ്ട്. പൊലീസുകാർ മണ്ണു ചുമന്നു നിർമിച്ച സ്റ്റേഡിയത്തിന്റെ ഗ്യാലറി വീണ്ടും ആരവങ്ങൾകൊണ്ട് സമ്പന്നമാകുകയാണ്. 
 

പുതിയ ഫുട്ബോൾ 
സ്റ്റേഡിയം നിർമിക്കും

തിരുവനന്തപുരം കൊമ്പൻസ് എഫ്സി സ്വന്തമായി ഹോംഗ്രൗണ്ട് പണിയാനുള്ള ഒരുക്കത്തിലാണ്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ സ്റ്റേഡിയം നിർമാണത്തിനായി 300 കോടി രൂപ മുടക്കാനാണ് തിരുവനന്തപുരം ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. 30,000 പേർക്ക് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയമാണ്  നിർമിക്കുക.തിരുവനന്തപുരമോ കൊല്ലമോ ആണ് പരി​ഗണിക്കുന്നത്.
 

സ്റ്റേഡിയത്തിൽ നടന്ന പ്രധാന  മത്സരങ്ങൾ

● നെഹ്‌റു കപ്പ്: 1986, 1991 എന്നീ വർഷങ്ങളിൽ നടത്തി. 1991ലാണ് അവസാനത്തെ അന്താരാഷ്ട്ര മത്സരം നടന്നത്.
● സന്തോഷ് ട്രോഫി: തിരുകൊച്ചി, മലബാർ അസോസിയേഷനുകളെ കേരള ഫുട്‌ബോൾ അസോസിയേഷൻ എന്ന പേരിൽ ലയിപ്പിച്ച കേണൽ ജി വി രാജയുടെ നേതൃത്വത്തിൽ 1956ൽ പ്രധാന ടൂർണമെന്റ് നടന്നു.
● ജി വി രാജ ട്രോഫി: 1973 മുതൽ 1984 വരെ നടന്നു.
● 1987ലെ ദേശീയ ഗെയിംസ് ഫൈനൽ: കേരളവും പഞ്ചാബും തമ്മിലുള്ള അവിസ്മരണീയ പോരാട്ടം.
● ബി എൻ മുള്ളിക്ക് അഖിലേന്ത്യാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്  
● ബിഷപ് പെരേര സ്മാരക സംസ്ഥാന ടൂർണമെന്റ്
● മേയേഴ്‌സ് കപ്പ്: 1997, 2010, 2017, 2019 വർഷങ്ങളിൽ ആതിഥേയത്വം വഹിച്ചു.
● ഐലീഗ്: രണ്ട് തവണ ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്‌ബോൾ പ്രതിഭകളുടെ പ്രകടനം
 

അടുത്ത മത്സരങ്ങൾ 

● 21 : കൊമ്പൻസ് എഫ്സി–-കണ്ണൂർ എഫ്സി
● ഒക്ടോബർ 2: കൊമ്പൻസ് എഫ്സി–-മലപ്പുറം എഫ്സി
●  ഒക്ടോബർ 6: കൊമ്പൻസ് എഫ്സി–കലിക്കറ്റ് എഫ്സി
● ഒക്ടോബർ 25: കൊമ്പൻസ് എഫ്സി–കൊച്ചി എഫ്സി
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top