22 December Sunday

കണ്ണീർപാടത്ത്‌ നെൽകർഷകർ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

മഴയെത്തുടർന്ന്‌ കൊയ്‌ത്ത്‌ നിർത്തിയ കണ്ടക്കൈ പടിഞ്ഞാറ്‌ പാടശേഖരം

കണ്ണൂർ
കാലംതെറ്റി തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിൽ നെൽകൃഷി വ്യാപകമായി നശിക്കുന്നു. കൊയ്യാനും മെതിക്കാനും ഉണക്കാനുമാകാതെ  കർഷകർ ദുരിതത്തിൽ. വിത്തു വിതയ്‌ക്കുമ്പോൾ  മഴയില്ലാതെ പ്രയാസപ്പെട്ടവർ കൊയ്യാറായപ്പോൾ കണ്ണീർമഴയത്ത്‌ നനയുകയാണ്‌. പാടശേഖരസമിതികളുടെയും ചെറുകിട കർഷകരുടെയും ഉൾപ്പെടെ കൊയ്യാൻ പാകമായ നെൽവെയലുകൾ വെള്ളത്തിലാണ്‌.  നെൽക്കതിരുകൾ ചീഞ്ഞളിഞ്ഞും മുളച്ചും നശിക്കുന്നു. വൈക്കോൽ പോലും ലഭിക്കാത്തത്ര കനത്ത നഷ്ടമാണ്‌ കൃഷിക്കാർക്ക്‌. തളിപ്പറമ്പ്‌, മയ്യിൽ മേഖലകളിലെ കർഷകരാണ്‌ ഏറെ പ്രയാസം അനുഭവിക്കുന്നത്‌. കൊയ്‌ത്ത്‌ തുടങ്ങിയയിടങ്ങളിൽ മഴകാരണം നിർത്തിവയ്‌ക്കേണ്ട സ്ഥിതി.  യന്ത്രമുപയോഗിച്ചുള്ള കൊയ്‌ത്തും മഴയിൽ അസാധ്യം.   കണ്ടക്കൈ പടിഞ്ഞാറ്‌ വയലിൽ കൊയ്‌ത്ത്‌ തുടങ്ങിയപ്പോൾ മഴ കനത്തതോടെ കൊയ്‌ത്തു യന്ത്രം വയലിൽ നിർത്തിയിടേണ്ടി വന്നു. വേനൽമഴ ലഭിക്കാത്തതിനാൽ കൃഷിയിറക്കൽ വൈകി. പല പാടശേഖരങ്ങളിലും ഇപ്പോഴാണ്‌ നെല്ല്‌ മൂപ്പെത്തിയത്‌. കൊയ്യാനാകുമ്പോഴേക്കും വില്ലനായി മഴയെത്തി. തുടർച്ചയായ മഴയിൽ കതിരുണക്കം ബാധിക്കുന്നതും പ്രതിസന്ധിയുടെ ആഴംകൂട്ടുന്നു. കതിരുണക്കം ബാധിച്ചവ  കൊയ്യുമ്പോൾ നെന്മണികൾ വയലിലേക്ക്‌ അടർന്നു വീഴുന്നതിനാൽ വലിയ അളവിൽ നെല്ല്‌ നഷ്ടമാകും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top