18 November Monday
സിപിഐ എം നാദാപുരം ഏരിയാ സമ്മേളനം സമാപിച്ചു

മലയോരമേഖലയിൽ ടൂറിസം പദ്ധതി നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

 

നാദാപുരം 
നാദാപുരം മണ്ഡലത്തിന്റെ  മലയോര പഞ്ചായത്തുകളായ വാണിമേൽ, വളയം, ചെക്യാട്, നരിപ്പറ്റ എന്നിവയെ ബന്ധിപ്പിച്ച് വിനോദസഞ്ചാര പദ്ധതി നടപ്പാക്കണമെന്ന്‌ ഇരിങ്ങണ്ണൂരിൽ നടന്ന സിപിഐ എം നാദാപുരം ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. തിരികക്കയം, തോണിക്കയം, വലിയ പാനോം, ചന്ദനത്താംകുണ്ട്, കണ്ടിവാതുക്കൽ, അഭയഗിരി, വാഴമല തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്. 
ഇതുവഴി കണ്ണൂർ വിമാനത്താവളത്തെ ബന്ധിപ്പിക്കാനും തദ്ദേശീയരും വിദേശികളുമായ ടൂറിസ്റ്റുകളെ ആകർഷിക്കാനും കഴിയും. പദ്ധതി നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചേലക്കാട്–-വില്യാപ്പള്ളി–-വടകര റോഡിന്റെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കുക, വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസം ത്വരിതഗതിയിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി പി പി ചാത്തുവും പൊതുചർച്ചക്ക് ജില്ലാ സെക്രട്ടറി പി മോഹനനും മറുപടി പറഞ്ഞു. അഡ്വ. പി രാഹുൽരാജ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി പി കുഞ്ഞികൃഷ്ണൻ, കെ പി കുഞ്ഞമ്മദ്കുട്ടി, കൂടത്താംകണ്ടി സുരേഷ് എന്നിവർ പങ്കെടുത്തു. 
വൈകിട്ട് റെഡ് വളന്റിയർ മാർച്ചും നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന പ്രകടനവും നടന്നു. ഇരിങ്ങണ്ണൂർ ടൗണിന് സമീപം സീതാറാം യെച്ചൂരി നഗറിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. എ മോഹൻദാസ് അധ്യക്ഷനായി. വി പി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, കൂടത്താംകണ്ടി സുരേഷ്, സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി, ടി പ്രദീപ് കുമാർ, ടി കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി അനിൽകുമാർ സ്വാഗതം പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top