തിരുവനന്തപുരം
തണുപ്പുള്ള രാത്രിയിൽ മനംമയക്കുന്ന റോക്ക് സംഗീതം ആസ്വദിച്ച് ടെന്റിൽ അന്തിയുറങ്ങിയാലോ...എങ്കിൽ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലേക്ക് വിട്ടോളൂ. 22 മുതൽ 24 വരെയാണ് അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവൽ (ഐഐഎംഎഫ്) നടക്കുന്നത്. ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന 17 കലാകാരന്മാർ അരങ്ങിൽ സംഗീത വിസ്മയം തീർക്കും.
പരിപാടിയോടനുബന്ധിച്ച് 21ന് രാത്രി മുതൽ 25 വരെ ക്രാഫ്റ്റ് വില്ലേജ് ക്യാമ്പസിൽ ഓൺസൈറ്റ് ക്യാമ്പിങ് സൗകര്യവുമുണ്ടാകും. വേദിക്കുസമീപം സജ്ജീകരിച്ചിരിക്കുന്ന ടെന്റുകളിലായിരിക്കും ക്യാമ്പിങ്.
മെറ്റൽ, ഹാർഡ് റോക്ക്, റോക്ക് ടു ഹിപ്-ഹോപ്പ്, ഫോക്ക്, ബ്ലൂസ്, ഇഡിഎം തുടങ്ങി റോക്ക് സംഗീത ആരാധകരെ വിസ്മയിപ്പിച്ച ബാൻഡുകളാണ് മേളയിൽ പങ്കെടുക്കുന്നത്. മാർടൈർ (നെതർലാന്റ്സ്), ലേസി ഫിഫ്റ്റി (ന്യൂസിലാന്റ്), കോൾഡ് ഡ്രോപ്പ് (ഡെൻമാർക്ക്), ആഫ്രോഡെലിക് (ലിത്വാനിയ), ഡീർ എംഎക്സ് (മെക്സിക്കോ), ദി യെല്ലോ ഡയറി, പരിക്രമ, തബാ ചാക്കെ, അസൽ കൊലാർ, വൈൽഡ് വൈൽഡ് വുമൺ, 43 മൈൽസ്, കുലം, പ്രാർഥന, ഗബ്രി, ഡ്യുയലിസ്റ്റ് എൻക്വയറി, സ്ട്രീറ്റ് അക്കാദമിക്സ്, ഡിഐവൈ ഡിസ്ട്രക്ഷൻ തുടങ്ങിയ ബാൻഡുകളും കോവളത്തെത്തും.
ഫെസ്റ്റിവലിനോടനുബന്ധിച്ച് ആഭരണ നിർമാണം, മൺപാത്ര നിർമാണം, വുഡ് വർക്കിങ്, കളരിപ്പയറ്റ്, ബീച്ച് യോഗ, മെഡിറ്റേഷൻ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിങ് സൗകര്യങ്ങളും ശിൽപ്പശാലകളും സംഘടിപ്പിക്കുന്നുണ്ട്. തത്സമയ കലാ-കരകൗശല പ്രദർശനവും ഒരുക്കും.
ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ ഒരുമിപ്പിക്കുന്നതിനായി ലേസി ഇൻഡി മാഗസിൻ സ്ഥാപകർ രൂപീകരിച്ച അന്താരാഷ്ട്ര സംഗീത കൂട്ടായ്മയും ക്രാഫ്റ്റ് വില്ലേജും സഹകരിച്ചുകൊണ്ടാണ് സംഗീതമേള ഒരുക്കുന്നത്. ലേസി ഇൻഡി മാഗസിൻ 40ലധികം രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് 100ഓളം രാജ്യങ്ങളിൽ പ്രചാരവും അംഗീകാരവും നേടി മുന്നേറുന്ന കൂട്ടായ്മയാണ്. കൂടുതൽ വിവരങ്ങൾക്ക് instagram @iimf_2024 എന്ന ഔദ്യോഗിക പേജുകൾ സന്ദർശിക്കാം. വെബ്സൈറ്റ്: https://iimf.kacvkovalam.com. എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം: http://bit.ly/4eZRuLE
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..