നെടുമങ്ങാട്
സ്മരണകളുറങ്ങുന്ന സ്മൃതി കുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര–-പതാക–--ദീപശിഖാ ജാഥകൾ സംഗമിച്ചതോടെ സിപിഐ എം നെടുമങ്ങാട് ഏരിയ സമ്മേളനത്തിന് തുടക്കം. സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറി (പഴകുറ്റി ശ്രീവിദ്യാ ഓഡിറ്റോറിയം)ലേക്കുള്ള കൊടിമരം വെള്ളാഞ്ചിറ വിജയന്റെ സ്മൃതി കുടീരത്തിൽനിന്ന് ഡോ. ജെ എസ് ഷിജൂഖാന്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. പനവൂരിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.
എം രാമചന്ദ്രൻ നായരുടെ സ്മൃതികുടീരത്തിൽനിന്ന് പി ഹരികേശന്റെ നേതൃത്വത്തിലാണ് പതാകജാഥ പുറപ്പെട്ടത്. ആട്ടുകാലിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
രക്തസാക്ഷി രാജീവ് പ്രസാദിന്റെ സ്മൃതികുടീരത്തിൽനിന്ന് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷിന്റെ നേതൃത്വത്തിലായിരുന്നു ദീപശിഖാ ജാഥ ആരംഭിച്ചത്. പന്തലക്കോട്ട് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ജയൻബാബു ഉദ്ഘാടനം ചെയ്തു. എസ് എസ് ബിജു, അഡ്വ. കെ വി ശ്രീകാന്ത്, ലേഖാ സുരേഷ് എന്നിവർ ജാഥകൾക്ക് നേതൃത്വം നൽകി.
വൈകിട്ട് ആറോടെ റാലികൾ പഴകുറ്റിയിലെ സമ്മേളന നഗരിയിൽ സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ആർ ജയദേവൻ ദീപശിഖയും ജില്ലാ സെക്രട്ടറിയറ്റംഗം സി ജയൻബാബു പതാകയും ഏറ്റുവാങ്ങി. സി ജയൻബാബു, ആർ ജയദേവൻ, കെ പി പ്രമോഷ് എന്നിവർ ചേർന്ന് കൊടിമരം ഏറ്റുവാങ്ങി.
തിങ്കൾ രാവിലെ പത്തിന് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പഴകുറ്റി ശ്രീവിദ്യാ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയി, എ എ റഹിം, സി ജയൻബാബു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ് സുനിൽകുമാർ, എസ് പുഷ്പലത തുടങ്ങിയവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം ചൊവ്വാഴ്‌ച സമാപിക്കും.
ബുധനാഴ്‌ച ചുവപ്പുസേനാ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. വൈകിട്ട് നാലിന് പഴകുറ്റിയിൽനിന്ന് പ്രകടനമാരംഭിക്കും. തുടർന്ന് നെടുമങ്ങാട് ചന്തമുക്കിലെ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..