08 September Sunday

വെള്ളക്കെട്ട്‌ ഒഴിവാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

 കാസർകോട്‌

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി തലപ്പാടി മുതൽ കാലിക്കടവ് വരെ  വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും വലിയ കുഴികളും രൂപപ്പെടുന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ ശക്തമായ അടിയന്തരനടപടി സ്വീകരിക്കാൻ ജനപ്രതിനിധകളുടെ യോഗം നിർദ്ദേശിച്ചു. 
അപകട സാധ്യതയുള്ള മേഖലയിൽ സ്ഥിരം സുരക്ഷാ സംവിധാനം ഒരുക്കണം. ദുരന്ത നിവാരണത്തിന്  ജില്ലാ ഭരണ സംവിധാനത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ  ശക്തമായ നടപടികൾ ഉണ്ടാകുമെന്ന്‌ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ചട്ടഞ്ചാൽ ചെർക്കള മേഖലയിൽ മലയിടിച്ചിൽ അപകട ഭീഷണിയുയർത്തുകയാണ്. ചെറുവത്തൂർ വീരമലകുന്നിലും മണ്ണിടിച്ചിലുണ്ട്. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് പ്രത്യേക ടീമിനെ അടിയന്തരമായി നിയോഗിക്കണമെന്ന് കലക്ടർ നിർദേശം നൽകി.
ദേശീയപാത നിർമ്മാണത്തിലെ വേഗതക്കുറവ് പരിഹരിക്കാൻ ഉത്തരകേരളത്തിലെ എംപിമാർ കേന്ദ്ര മന്ത്രിയെ കാണുമെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ചട്ടഞ്ചാൽ ജങ്‌ഷനിൽ നിന്ന്‌ മേൽപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പൊയിനാച്ചിയിലേക്ക് കടന്നു പോകുന്നതിന് സംവിധാനം ഒരുക്കണമെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു. പൊയിനാച്ചിയും പെരിയ ബസാറിലെയും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
മഞ്ചേശ്വരത്ത് അടിപ്പാത ഒരുക്കണമെന്ന് എ. കെ എം അഷറഫ് എംഎൽഎ ആവശ്യപ്പെട്ടു. നിർമാണം നടക്കുന്ന ദേശീയപാതയിൽ നിന്നുള്ള വെള്ളം സർവീസ് റോഡിലേക്ക് വീണ് കുഴികൾ രൂപപ്പെടുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.  
മാവുങ്കാൽ ജംഗ്ഷൻ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് സൗത്ത് ചെമ്മട്ടംവയൽ പടന്നക്കാട് റയിൽവേ മേൽപാലം, പടന്നക്കാട് കാർഷിക കോളേജിന് മുൻവശം തുടങ്ങിയ പ്രദേശങ്ങളിൽ ദേശീയപാതയിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്ന് ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ പ്രതിനിധി കെ പത്മനാഭൻ അറിയിച്ചു.  
ജില്ലാ ആശുപത്രിക്ക് മുന്നിലും പടന്നക്കാട് കോളേജിന് മുന്നിലും നിർമ്മിക്കുന്ന മേൽപ്പാലം ലിഫ്റ്റ് സംവിധാനമുള്ളതാകണമെന്ന്‌  കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത ആവശ്യപ്പെട്ടു.  ദേശീയപാതയുടെ ഇരുവശങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിക്കണം.  വെള്ളക്കെട്ട് ഒഴിവാക്കാൻ പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം ഡ്രെയിനേജ് സംവിധാനം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ നിർദ്ദേശിച്ചു.
ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ പരിശോധിച്ച്  വെള്ളക്കെട്ടുകൾ, അപകടകുഴികൾ എന്നിവ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം പ്രൊജക്ട്‌ ഡയറക്ടർ പുനിത്കുമാർ പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ സുനിൽ മാത്യു,  നിർമാണ കരാർ കമ്പനികളുടെ ലൈസൻ ഓഫീസർമാരായ സേതുമാധവൻ നായർ, നളിനാക്ഷൻ, നിർമാണ കമ്പനി പ്രതിനിധികളായ ബി എസ് റെഡ്ഡി, സി എച്ച് ശ്രീരാമൂർത്തി എന്നിവരും സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top