കൊല്ലം
നഗരത്തിലെ വളവ് ഒഴിവാക്കുന്നത് സാധ്യമല്ലാത്ത സാഹചര്യത്തിൽ സൂപ്പർഫാസ്റ്റ്, വന്ദേഭാരത്, ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളുടെ വേഗം കൂട്ടാൻ പുതിയ ലൈൻ (ബൈപാസ്) സ്ഥാപിക്കണമെന്ന് കൊല്ലം റെയിൽവേ എൻജിനിയറിങ് വിഭാഗത്തിന്റെ ശുപാർശ. നാഗർകോവിൽ, എറണാകുളം മാതൃകയിൽ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക് ബൈപാസ് നിർമിക്കണമെന്നാണ് ശുപാർശയിലുള്ളത്. കൊല്ലം ബൈപാസിനോട് (ദേശീയപാത) ചേർന്ന് കല്ലുംതാഴത്ത് റെയിൽവേ സ്റ്റേഷൻ നിർമിച്ചുകൊണ്ട് പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കണമെന്ന നിർദേശം തിരുവനന്തപുരം ഡിവിഷന്റെ സജീവ പരിഗണനയിലാണ്. കല്ലുംതാഴം വഴിയാണ് നിലവിൽ എറണാകുളം–- തിരുവനന്തപുരം ലൈനും കൊല്ലം–- പുനലൂർ–- ചെങ്കോട്ട ലൈനും കടന്നുപോകുന്നത്. എറണാകുളത്തുനിന്നു കല്ലുംതാഴം വരെ 151 കിലോമീറ്ററും ഇരവിപുരം വരെ 160 കിലോമീറ്ററുമാണ് ദൂരം. ഇരവിപുരത്തുനിന്നു കല്ലുംതാഴംവരെ ഏകദേശം ഒമ്പതുകിലോമീറ്റർ ദൂരത്തിൽ ബൈപാസ് നിർമിച്ചാൽ നിർമാണച്ചെലവ് കുറയുമെന്നും എൻജിനിയറിങ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു മണിക്കൂറിലേറെ എടുത്താണ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്ത് ഓടിയെത്തുക. ബൈപാസ് വന്നാൽ 67 കിലോമീറ്റർ വരുന്ന കൊല്ലം–- തിരുവനന്തപുരം യാത്രയിൽ അരമണിക്കൂറിലേറെ ലാഭിക്കാൻ കഴിയുമെന്ന് ശുപാർശയിൽ പറയുന്നു. ബൈപാസ് നിർമാണത്തിന്റെ സാധ്യത പരിശോധിച്ചശേഷം തിരുവനന്തപുരം ഡിവിഷൻ എൻജിനിയറിങ് വിഭാഗം നിർദേശം വൈകാതെ റെയിൽവേ ബോർഡിന് സമർപ്പിക്കും.
നിർദേശം റെയിൽവേ ബോർഡ് അംഗീകരിച്ചാൽ ഭാവിയിൽ പാസഞ്ചർ, മെമു, എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിനുകൾ കൊല്ലം സ്റ്റേഷൻ വഴിയും മറ്റ് അതിവേഗ, ദീർഘദൂര ട്രെയിനുകൾ ബൈപാസ് വഴിയുമാകും സർവീസ് നടത്തുക. അടുത്തിടെ ട്രെയിനുകളുടെ വേഗം നൂറിൽനിന്ന് 110 ആയി ഉയർത്തിയിരുന്നു. ഇത് 130 കിലോമീറ്ററാക്കുന്നതിന്റെ ഭാഗമായി വലിയ വളവുകൾ നിവർത്താനും അതിന് സാധ്യമല്ലാത്തിടത്ത് ബൈപാസ് നിർമിക്കാനുമാണ് റെയിൽവേ ആലോപന. ഇതിന്റെ ചുവടുപിടിച്ചാണ് എൻജിനിയറിങ് വിഭാഗം ബൈപാസ് ശുപാർശ സമർപ്പിച്ചത്. നേരത്തെ നിതീഷ്‌കുമാർ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെയും ഇത്തരത്തിലൊരു നിർദേശം ഉയർന്നിരുന്നു. കൊല്ലത്ത് പുതിയ പാതയും സ്റ്റേഷനും യാഥാർഥ്യമായാൽ നിലവിലെ സ്റ്റേഷൻ ടെർമിനലായി മാറും. ഇവിടെ സ്റ്റോപ്പ് അവസാനിപ്പിക്കുന്ന കൂടുതൽ ട്രെയിനുകൾ വന്നേക്കാം. ചെന്നൈ റൂട്ടിൽ കൂടുതൽ വണ്ടികൾ തുടങ്ങുകയും ചെയ്യാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..