കണ്ണൂർ
കനത്തമഴയിൽ ജില്ലയിൽ പരക്കെ നാശം. നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 71 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ, തലശേരി താലൂക്കുകളിൽ രണ്ട് വീതം ക്യാമ്പുകളാണ് ആരംഭിച്ചത്. 25 പേരാണ് ക്യാമ്പുകളിലുള്ളത്. കണ്ണൂർ താലൂക്കിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പിലായി 18 പേരും തലശേരി താലൂക്കിൽ രണ്ട് ക്യാമ്പിലായി ഏഴ് പേരും. കണ്ണൂർ കോർപറേഷനിലെ കീഴ്ത്തള്ളി വെൽനെസ് സെന്റർ, കതിരൂർ സൈക്ലോൺ ഷെൽട്ടർ, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്ട്മല സാംസ്‌കാരിക കേന്ദ്രം എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്.
അപകട ഭീഷണിയെ തുടർന്ന് 71 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തലശേരി താലൂക്കിൽ എട്ട് വില്ലേജുകളിലായി 48 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കണ്ണൂർ താലൂക്കിൽ ആറ് വില്ലേജുകളിൽ വെള്ളം ഉയർന്നു. 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യന്നൂർ താലൂക്കിൽ രണ്ട് കുടുംബങ്ങളെയും ഇരിട്ടി താലൂക്കിൽ നാല് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി. തളിപ്പറമ്പിൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂന്ന് വീട് പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു. ഇരിട്ടിയിൽ രണ്ടു വീടും പയ്യന്നൂരിൽ ഒരു വീട് പൂർണമായും നശിച്ചു. ഇതുവരെ കാലവർഷത്തെ തുടർന്ന് ജില്ലയിൽ 13 വീടുകൾ പൂർണമായും 242 വീടുകൾ ഭാഗികമായുമാണ് തകർന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണ്. പുഴകൾ കവിഞ്ഞൊഴുകി വയലുകളം താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കർണാടകത്തിൽ ഉരുൾപൊട്ടിയതാണ് മലയോരത്തെ പുഴകളിൽ വെള്ളമുയരാൻ കാരണം. മട്ടന്നൂർ നായിക്കാലിയിൽ റോഡ് പുഴയെടുത്തു. മതിലിടിഞ്ഞും വെള്ളം കയറിയും വിവിധ പ്രദേശങ്ങളിൽ വീടുകൾക്ക് നാശമുണ്ട്. നീർവേലി, ചാലാട് തെക്കൻ മണൽ, ചാല ഈരാണി പാലം, കോളയാട് തുടങ്ങിയിടങ്ങളിൽ നിവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വയത്തൂർ, കോഴിച്ചാൽ എന്നിവിടങ്ങളിൽ പാലം തകർന്നു. മോശം കാലാവസ്ഥയെ തുടർന്ന് വ്യാഴം പുലർച്ചെ വിമാനങ്ങൾക്ക് ഇറങ്ങാനായില്ല.
ആറളം ഫാമിലേക്കുള്ള വഴിയിൽ പാലപ്പുഴ മെയിൻ ഗെയിറ്റിൽ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി. എടയാർ വിസിബി കം ബ്രിഡ്ജിൽ മരത്തടികൾ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു. പറശ്ശിനിക്കടവിൽ ബോട്ട് സർവീസ് നിർത്തി.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും കലക്ടർ നിദേശം നൽകി.
മാട്ടൂൽ, പറശ്ശിനി
ബോട്ട് സർവീസ്
നിർത്തി
മാട്ടൂൽ
വളപട്ടണം പുഴ കരകവിഞ്ഞതിനാൽ പറശ്ശിനി സ്റ്റേഷൻ പരിധിയിലുള്ള അഴീക്കൽ- മാട്ടൂൽ ഫെറി സർവീസ്, പറശ്ശിനി- മാട്ടൂൽ യാത്രാ സർവീസ്, ടൂറിസം സർവീസുകൾ എന്നിവ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻനിർത്തിയാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ സർവീസ് നിർത്തിവയ്‌ക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പ് ട്രാഫിക് വിഭാഗം തീരുമാനിച്ചത
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..