22 December Sunday
യുഡിഎഫ്‌ ലക്ഷ്യം രാഷ്‌ട്രീയ മുതലെടുപ്പ്‌

ഉപരിപഠനത്തിന് സീറ്റ്‌ ഉറപ്പാണ്‌

സ്വന്തം ലേഖകൻUpdated: Friday Jul 19, 2024
കോഴിക്കോട്‌
പ്ലസ്‌ വണ്ണിന്‌ മാർജിനൽ വർധന നടപ്പാക്കിയും അധിക ബാച്ചുകൾ അനുവദിച്ചും മുഴുവൻ വിദ്യാർഥികൾക്കും സീറ്റ്‌ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ്‌ നടത്തുന്ന സമരം രാഷ്‌ട്രീയ മുതലെടുപ്പിന്‌. പ്രവേശനത്തിന്റെ തുടക്കംമുതൽ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടിയാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചത്‌. മാർജിനൽ വർധനയോടെ പ്രവേശന നടപടി ആരംഭിച്ചു. പ്രാദേശികമായി പരിശോധിച്ച്‌ സീറ്റ്‌ കുറവുള്ള ജില്ലകൾക്ക്‌ ബാച്ചുകളും അനുവദിച്ചു. കോഴിക്കോട്‌ മുഖ്യ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാതിരുന്ന മിക്ക വിദ്യാർഥികൾക്കും അപേക്ഷിച്ച ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽതന്നെ പ്രവേശനം ലഭിച്ചിരുന്നു. സർക്കാർ നടപടി വിദ്യാർഥികളും രക്ഷിതാക്കളും സ്വാഗതംചെയ്യുമ്പോഴാണ്‌ യുഡിഎഫിന്റെ രാഷ്‌ട്രീയ നാടകം.
2015ൽ സീറ്റ്‌ 38,932; 2024ൽ 43,142
സമരത്തിന്‌ നേതൃത്വംനൽകുന്ന എം കെ മുനീർ ഉൾപ്പെട്ട യുഡിഎഫ്‌ മന്ത്രിസഭയുടെ കാലത്തെ സീറ്റുകളുടെ കണക്ക്‌ പരിശോധിച്ചാൽമാത്രം മതി രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ഗൂഢ ശ്രമം. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2015ലാണ്‌ ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയെഴുതിയത്‌. ജില്ലയിൽ 47,762 വിദ്യാർഥികൾ എസ്‌എസ്‌എൽസി ജയിച്ചപ്പോൾ ഹയർസെക്കൻഡറിയിൽ ഉണ്ടായിരുന്നത് 38,932 സീറ്റ്‌ മാത്രം. വിജയിച്ച 8,830 പേർക്ക്‌ സീറ്റുണ്ടായിരുന്നില്ല. അന്ന്‌ ഇതര ജില്ലക്കാരും മറ്റ്‌ സിലബസിൽ നിന്നുള്ളവരുമുൾപ്പെടെ 53,507 അപേക്ഷകരാണുണ്ടായിരുന്നത്‌. മാനേജ്‌മെന്റ്‌ സീറ്റുൾപ്പെടെ പൊതുവിദ്യാലയങ്ങളിലുണ്ടായിരുന്നത്‌ 33,560 സീറ്റ്‌.
തുടർന്ന്‌ വന്ന എൽഡിഎഫ്‌ സർക്കാർ  മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കി.  2023ൽ 43,085 വിദ്യാർഥികൾ എസ്‌എസ്‌എൽസി ജയിച്ചപ്പോൾ 43,082 സീറ്റൊരുക്കി.  പൊതുവിദ്യാലയങ്ങളിൽ മാത്രം 38,400 സീറ്റ്‌. 48,276 അപേക്ഷകരാണുണ്ടായിരുന്നത്‌. ഈ വർഷം  43,721 പേർ എസ്‌എസ്‌എൽസി വിജയിച്ചപ്പോൾ 43,142 സീറ്റ്‌ ഉറപ്പാക്കിയാണ്‌ പ്രവേശനം തുടങ്ങിയത്‌. വിഎച്ച്‌എസ്‌ഇ, ഐടിഐ, പോളിടെക്‌നിക്‌ എന്നിവകൂടി പരിഗണിക്കുമ്പോൾ മുഴുവൻ കുട്ടികൾക്കും ഉപരിപഠനം ഉറപ്പ്‌. 
വിഎച്ച്‌എസ്‌ഇയിൽ 2670
ജില്ലയിൽ വിഎച്ച്‌എസ്‌ഇയിൽ 2760 സീറ്റുമുണ്ട്‌. സർക്കാർ പോളി ടെക്‌നിക്കിൽ 430 ൽ ഏറെ സീറ്റുണ്ട്‌. ഇതിനുപുറമെ നിരവധി ഐടിഐ സീറ്റുകളുമുണ്ട്‌. ഇവയൊക്കെ പരിഗണിച്ചാൽ വിദ്യാർഥികൾക്ക്‌ ജില്ലയിൽത്തന്നെ ഉപരിപഠന സാധ്യതയുണ്ടെന്നതാണ്‌ യാഥാർഥ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top