23 December Monday

കിഴക്കൻവെള്ളത്തിൽ കുതിർന്ന്‌ 
മുട്ടാറിലെ 12 കുടുംബം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

മുട്ടാറിൽ വെള്ളം കയറിയ വീട്ടിലെ ചെടികൾ ഉയർത്തിവയ്‍ക്കുന്ന വീട്ടമ്മ

ആലപ്പുഴ
വ്യാഴാഴ്‌ച മഴ മാറിനിന്നെങ്കിലും മുട്ടാർ പഞ്ചായത്ത്‌ എട്ടാംവാർഡിലെ 12 ഓളം കുടുംബത്തിന്റെ ജീവിതം ഇപ്പോഴും അരപ്പൊക്കം വെള്ളത്തിൽ. നീറേറ്റുപുറം–-കിടങ്ങറ റോഡിൽ മുട്ടാർ മിനിമോൾ റോഡിന്‌ ഇരുപുറവുമുള്ള കുടുംബങ്ങളാണ്‌ വെള്ളം കയറിയ വീടുകളിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്‌. 
 കിഴക്കൻവെള്ളത്തിന്റെ ഒഴുക്ക്‌ ശക്തമായി പ്രദേശത്തെ തോടുകളും പാടങ്ങളും കരകവിഞ്ഞതോടെ വീടുകളുടെ അകത്തളങ്ങളിലേക്കും വെള്ളം കയറുകയായിരുന്നു. വീടുകൾക്കകത്ത്‌ ഒരടിക്ക്‌ മുകളിലും പല വീടുകളുടെയും മുറ്റത്തും റോഡിലും അരപ്പൊക്കത്തിലും വെള്ളമുണ്ട്‌. പ്രയാമായവരും രോഗികളുമടങ്ങുന്ന കുടുംബങ്ങൾ ഇനിയും ജലനിരപ്പുയർന്നാൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ്‌.
  ഗതാഗതവും താറുമാറായി. അത്യാവശ്യ കാര്യങ്ങൾക്ക്‌ ചെറുവള്ളങ്ങളെ ആശ്രയിക്കുകയാണ്‌. പ്രദേശത്ത്‌ പകർച്ചവ്യാധി ഭീഷണിയുമുണ്ട്‌. 
പമ്പയാർ കരകവിഞ്ഞ്‌ കാപ്പുപാടം, അമ്പലപ്പാടം പാടശേഖരങ്ങളിൽ വെള്ളംനിറഞ്ഞതോടെയാണ്‌ പ്രദേശത്തേക്ക്‌ വെള്ളം ഇരച്ചെത്തിയത്‌. ഈ വർഷംമാത്രം മൂന്നാംതവണയാണ്‌ ഇവിടെ വീടുകളിൽ വെള്ളം കയറുന്നത്‌. കിഴക്കൻവെള്ളം ആദ്യമെത്തുന്ന മേഖലകളിലൊന്നാണ്‌ മുട്ടാർ പഞ്ചായത്തിലെ എട്ടാംവാർഡ്‌ അടക്കമുള്ള പ്രദേശങ്ങൾ. കുട്ടനാട്ടിലെ ഏറ്റവും താഴ്‌ന്ന പ്രദേശങ്ങളിൽ ഒന്നായതിനാൽ ഏറെ സമയമെടുത്തേ വെള്ളമിറങ്ങൂ. വീടുകളുടെ ഉള്ളിലെ വെള്ളമിറങ്ങാൻ മൂന്ന്‌, നാല്‌ ദിവസം വേണ്ടിവരും. 
 വെള്ളം പൂർണമായി ഒഴുകിപ്പോകാൻ രണ്ടാഴ്‌ചയോളം സമയം വേണ്ടിവരുമെന്ന്‌ വാർഡ്‌ അംഗം പി ടി വിനോദ്‌കുമാർ പറഞ്ഞു. മുട്ടാർ പഞ്ചായത്തിൽ അറുപതിലേറെ വീടുകളിൽ നിലവിൽ വെള്ളം കയറിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top