17 September Tuesday

512 പ്രതിനിധികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

 കൊടക്കാട് 

കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ ചൊവ്വ മുതൽ  22 വരെ നടക്കുന്ന കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിൽ  തെരഞ്ഞെടുക്കപ്പെട്ട 512 പ്രതിനിധികൾ പങ്കെടുക്കും. നേതാക്കളായ എ വിജയരാഘവൻ, ബി വെങ്കിട്ട്, എം വി ഗോവിന്ദൻ, ഡോ. വിക്രം സിങ്‌, ഡോ.വി ശിവദാസൻ, ബി വെങ്കിടേശ്വരലു, ആർ വെങ്കിട്ടരാമലു, ചന്ദ്രപ്പ ഹോസ്‌കേറ, വി അമൃതലിംഗം എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.  
പ്രതിനിധികൾക്ക്‌ മൂന്ന്‌ ദിവസം പ്രദേശങ്ങളിലെ 260 വീടുകളിലാണ്‌  താമസം ഏർപ്പാടാക്കിയത്‌. അതിഥികളെ ഫോണിലൂടെ കുടുംബാംഗങ്ങൾ സ്വാഗതം ചെയ്‌തുകഴിഞ്ഞു.  കൊടക്കാടും ചെറുവത്തൂരും ഉൾപ്പടെ ഏഴ്‌ പ്രദേശങ്ങളിലായാണ്‌ വീടുകൾ.  ആരൊക്കെ ഏത്‌ വീടുകളിൽ താമസിക്കും എന്നതിനുള്ള അറിയിപ്പ്‌ കുടുംബങ്ങൾക്കും ലഭിച്ചു. വീട്ടുകാർ നേരിട്ട്‌ വിളിച്ച്‌ പരിചയപ്പെടുകയുംചെയ്‌തു. 
 
അതിഥികൾ ഇന്ന്‌ വൈകിട്ടോടെ എത്തും
തിങ്കൾ വൈകിട്ടോടെ സമ്മേളന പ്രതിനിധികളെത്തും. രാത്രി  ഭക്ഷണ ശേഷം ഇവരെ അവരവർക്കായി നിശ്‌ചയിച്ച വീടുകളിലെത്തിക്കും.  സമ്മേളന ശേഷം 22ന്‌ ഇവർ തിരിച്ച്‌ പോകുന്നതിന്‌ മുമ്പ്‌ താമസിച്ച ഓരോ വീട്ടുമുറ്റത്തും ഓർമ മരവും നട്ടുപിടിപ്പിക്കും. കൂടാതെ താമസത്തിന്‌ നന്ദിയറിയിച്ച്‌ കൊണ്ടുള്ള കത്ത്‌ കുടുംബത്തിന്‌ കൈമാറും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വേറിട്ടതും ചിലവ്‌ ചുരുക്കുന്നതുമായ പദ്ധതികളാണ്‌ സംഘാടക സമിതി ആവിഷ്‌കരിച്ചത്‌. 
സംസ്ഥാനത്ത്‌ ആദ്യമായാണ്‌ സമ്മേളനത്തിനെത്തുന്ന പ്രതിനിധികൾക്ക്‌ വീടുകളിൽ താമസ സൗകര്യം ഒരുക്കുന്നത്‌. വയനാട്‌ ദുരന്ത പശ്‌ചാത്തലത്തിൽ, മുഖ്യമന്ത്രിയടക്കം പങ്കെടുക്കേണ്ടിയിരുന്ന പൊതുയോഗവും പൊതു പ്രകടനവും ഒഴിവാക്കുകയുംചെയ്‌തു. 
 
വളണ്ടിയർമാർ അണിനിരന്ന കൊടക്കാട്‌
യുവാക്കളുടെ സന്നദ്ധ വളണ്ടിയർ സേന കാസർകോട്‌ താലൂക്കിൽ ആദ്യം രൂപീകരിച്ച സ്ഥലം കൂടിയാണ്‌ കൊടക്കാട്‌. 1939 ജനുവരിയിൽ നടന്ന കോൺഗ്രസ്‌ സമ്മേളനത്തിന്റെ ഭാഗമായാണ്‌ സേന രൂപീകരിച്ചത്‌. യൂത്ത്‌ഗാർഡ്‌ എന്നാണ്‌ സേനയുടെ പേര്‌. ചുവന്ന ട്രൗസറും കാക്കി ഷർട്ടുമായിരുന്നു വേഷം. നൂറോളം പേരുള്ള സേനയുടെ പരിശീലനം കൊടക്കാട്‌ സമ്മേളന നഗരിയടെ പരിസരത്ത്‌ എല്ലാദിവസവും വൈകിട്ട്‌ നടന്നു. കെപിസിസി വളണ്ടിയർ ഓഫീസറായിരുന്ന നീലേശ്വരത്തെ എൻ കെ കുട്ടനായിരുന്നു പരിശീലകൻ. സർദാർ ചന്ത്രോത്ത്‌ കുഞ്ഞിരാമൻ നായർക്കായിരുന്നു മേൽനോട്ടം. 
പരിശീലനം സിദ്ധിച്ച വളണ്ടിയർമാരുടെ പ്രഥമ റൂട്ടുമാർച്ച്‌ 1938 ഡിസംബർ 30ന്‌ നടന്നു. സുബ്രഹ്‌മണ്യൻ തിരുമുമ്പ്‌ വളണ്ടിയർമാർക്ക്‌ ക്ലാസെടുത്തു. പാർടി സമ്മേളനത്തിന്‌ വളണ്ടിയർ എന്ന ആശയം നമ്മുടെ നാട്ടിൽ ഉണ്ടാകുന്നതും കൊടക്കാട്ടെ ഈ അനുഭവത്തിന്‌ ശേഷമാണ്‌. 
 
മുതലാളിയുടെ പരക്കംപാച്ചിൽ
1946ൽ വടക്കൻ കേരളത്തിലെ കർഷക –- കർഷക തൊഴിലാളി മുന്നേറ്റത്തിന്റെ  ആവേശകരമായ പതിപ്പായിരുന്നു ചീമേനി തോൽവിറക്‌ സമരം. ചീമേനിയിൽ 6036 ഏക്കർ സ്വന്തമാക്കിയ, തോമസ്‌ കൊട്ടുകാപ്പള്ളി എന്ന പ്ലാന്റർ കർഷക തൊഴിലാളികളുടെ തോലും വിറകും പുല്ലും ശേഖരിക്കാനുള്ള അവകാശം തടഞ്ഞു. ഇതേ തുടർന്ന്‌ 1946 നവംബർ 15ന്‌ ‘തോലും വിറകും ഞങ്ങളെടുക്കും, കാലൻ വന്നുതടുത്താലും’ എന്ന മുദ്രാവാക്യം മുഴക്കി നാട്ടുകാർ തോട്ടത്തിലേക്ക്‌ കടന്നു. ഈ ധർമ സമരത്തെ അപഹസിച്ച്‌ അക്കാലത്ത്‌ മാതൃഭൂമി പത്രവും മറ്റും വാർത്തയെഴുതി. ഇതിനെതിരെ സുബ്രഹ്‌മണ്യൻ തിരുമുമ്പ്‌ ‘മുതലാളിയുടെ പരക്കം പാച്ചിൽ’ എന്നൊരു കവിതയൊഴുതി ആഞ്ഞടിച്ചു. വരികളിങ്ങനെ:
‘എസ്‌റ്റേറ്റ്‌ കൈയേറ്റം, കമ്യൂണിസ്‌റ്റ്‌ പകൽക്കൊള്ളകൾ
കാച്ചി സിപി, മാതൃഭൂമി പത്ര റിപ്പോർട്ട്‌ അപ്പപ്പോൾ
നൂറ്‌ നൂറായെന്നും കാട്ടിൽ ധീര കർഷക തൊഴിലാളികൾ
കേറിപ്പാട്ടും മുദ്രാവാക്യവു–- മുൽഷിച്ചും കൊണ്ടവർ
എന്താവേ! മെന്തുന്മേഷ–-മെന്തൊരാഹ്ലാദാഘോഷം!

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top