പാനൂർ
പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്‌കൂൾ ലീഡറായി ബിഹാറിലെ പൂർണിയ സ്വദേശി. സബീഹ് അഹമ്മദ് എന്ന പത്താം ക്ലാസുകാരനാണ് ഈ വർഷം ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത്. എട്ടാംക്ലാസ് മുതൽ സ്‌കൂളിലെത്തിയ സബീഹ് അഹമ്മദിന്റെ നേതൃപാടവവും മികവുറ്റ പഠന രീതിയും സഹപാഠി സ്നേഹവും അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രിയങ്കരനാക്കി. മലയാളത്തിൽ തന്നെയാണ് സബീഹ് സഹപാഠികളുമായി സംസാരിക്കുന്നത്.
മുക്കം യതീംഖാനയിലായിരുന്നു ആദ്യകാല പഠനം. പിന്നീട് പെരിങ്ങത്തൂർ ദർസ് യതീംഖാനയിലെക്ക് മാറി. മേക്കുന്ന് മതിയമ്പത്ത് എൽപി സ്‌കൂളിലും, പുളിയനമ്പ്രം മുസ്ലിം യുപി സ്ക്കൂളിലും പഠിച്ചു. സബീഹിന് ഉമ്മയും അഞ്ച് സഹോദരങ്ങളുമാണുള്ളത്. ഉമ്മ സഹിലാജും രണ്ടു സഹോദരങ്ങളും പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശിയായ സുൽഫാ മൈമൂനത്തിന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നു. സഹോദരനായ അഫാത്ത് മാഹി പോളി ടെക്നിക്കിൽനിന്നും ഡിപ്ലോമയെടുത്ത് ആലുവയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.
മറ്റൊരു സഹോദരനായ ആതിഫ് മണാശേരിയിൽനിന്നും ബിരുദാനന്തര ബിരുദമെടുത്തു. മറ്റു സഹോദരങ്ങളായ സനൂൻഫാരിയ ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ ബിസിഎ വിദ്യാർഥിയും, നിദ ഫായിസ ഫാഷൻ ഡിസൈനിങ്ങും, അയാൻ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. പുളിയനമ്പ്രം പ്രദേശത്ത് സ്വന്തമായി ഭൂമി വാങ്ങി വീട് നിർമാണം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..