15 November Friday

നല്ലോണം ഒരുക്കാൻ 
 ശങ്കരൻകോവിലിലെ പൂക്കൾ

സനു കുമ്മിൾUpdated: Monday Aug 19, 2024

ശങ്കരൻകോവിൽ പൂമാർക്കറ്റിലെ ലേല ഹാൾ

കടയ്ക്കൽ
ചിങ്ങം പിറന്നതോടെ സജീവമായി ശങ്കരൻകോവിൽ പൂമാർക്കറ്റ്‌. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ ഉൾപ്പെടുന്ന ഈ കാർഷിക ഗ്രാമത്തിൽ നിന്നാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് ഓണക്കാലത്ത്‌ കൂടുതലായും പൂക്കളെത്തിക്കുന്നത്. പട്ടണ നടുവിലെ ശങ്കരനാരായണൻ കോവിലിനുള്ളിലാണ് പൂമാർക്കറ്റ്. തിരുവിതാംകൂർ-, മധ്യതിരുവിതാംകൂർ മേഖലകളിൽ പൂക്കളുടെ വില നിശ്ചയിക്കുന്നത് ഇവിടുള്ള ലേല ഹാളിലാണ്‌. മലനിരകൾ താണ്ടി ദിവസവും ശങ്കരൻകോവിലിൽനിന്ന് പൂവണ്ടികളങ്ങനെ പുറപ്പെടും. കോടിക്കണക്കിനു രൂപയുടെ പൂക്കളാണ് ദിവസവും ഇവിടെനിന്ന് കോട്ടവാസൽ അതിർത്തി കടക്കുന്നത്‌.
ബിസി 900ൽ ഉക്കിര പാണ്ഡ്യനാണ് ശങ്കരൻകോവിൽ ക്ഷേത്രം നിർമിച്ചത്. 52മീറ്റർ ഉയരമുള്ള ക്ഷേത്രത്തിന്റെ വലതുഭാഗത്തായാണ് ലേല ഹാൾ. രാവിലെ എട്ടു മുതൽ മാർക്കറ്റ് പ്രവർത്തിച്ച് തുടങ്ങും. 32മേശകളിലായാണ്‌ കച്ചവടം. കർഷകർ കൊണ്ടുവരുന്ന പൂക്കൾ കമീഷൻ ഏജന്റുമാർ ലേലത്തിനുവയ്ക്കും. കവറുകളിലും ചാക്കുകളിലുമായി കൊണ്ടുവരുന്ന പൂക്കൾ മേശയിൽ തട്ടിയാലുടൻ ലേലംവിളി തുടങ്ങും. കർഷകരോട് ഏകദേശ വില പറഞ്ഞ് ഏജന്റുമാർതന്നെ പൂക്കൾ അളന്നെടുക്കുകയാണ്‌ പതിവ്‌. ഇരുകൈകളുടെയും മുട്ടുവരെയുള്ള ഭാഗം കൊണ്ട് പൂക്കൾ ഇടഞ്ഞാണ് തൂക്കം നിശ്ചയിക്കുക. കൈത്രാസ് ഉപയോഗിച്ച് തൂക്കം നോക്കുന്നവരുമുണ്ട്. സമയം പത്തരകഴിയുമ്പോഴേക്കും കേരളത്തിൽ നിന്നുള്ള ഓർഡർ അനുസരിച്ച്‌ വില നിശ്ചയിക്കും. ഓർഡർ കൂടിയാൽ വിലയും കൂടും. കർഷകന് ലേലത്തുക മാത്രമാണ്‌ ലഭിക്കുക. ലാഭമെല്ലാം ഏജന്റുമാർക്കാണ്‌.
മുല്ലയും പിച്ചിയും അരളിയും ബന്തിയും ജമന്തിയും റോസും കനകാമ്പരവുമെല്ലാം ലേല മേശമേൽവന്നു നിറയും. തദ്ദേശീയരുടേതും മലയാളികളുടേതുമായി രണ്ട്‌ പൂവ്യാപാര സംഘടനകളാണ്‌ ഇവിടെയുള്ളത്‌. തദ്ദേശീയരായ വ്യാപാരികൾക്ക്‌ മലയാളവും വഴങ്ങും. ഓണവിപണി മുന്നിൽക്കണ്ട്‌ വാണിജ്യാടിസ്ഥാനത്തിലുള്ള പൂക്കൃഷി കൊഴുക്കുകയാണിപ്പോൾ. സീസണിൽ മൂന്നും നാലും ഇരട്ടി വില ലഭിക്കുമെന്നാണ് പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top