22 November Friday

കുറ്റാലം കൊട്ടാരത്തിൽ 
ഇനി ഓൺലൈൻ ബുക്കിങ്

സ്വന്തം ലേഖകൻUpdated: Monday Aug 19, 2024
കൊല്ലം
കുറ്റാലം വെള്ളച്ചാട്ടത്തിന്‌ സമീപത്തെ കേരള പാലസിൽ (കുറ്റാലം കൊട്ടാരം) ഓൺലൈൻ ബുക്കിങ് സൗകര്യം പ്രാബല്യത്തിൽ വന്നു. ഇതിനായി സിഡിറ്റിന്റെ നേതൃത്വത്തിൽ സോഫ്‌റ്റ്‌വെയർ പരിഷ്‌കരിച്ചിരുന്നു. കേരള പിഡബ്ല്യുഡി വെബ്സൈറ്റിൽ പാലസ്‌, ദിവാൻ പാലസ്‌, പാലസ്‌ അനക്‌സ്‌, അമ്മവക നാലുകെട്ട്‌, ട്വിൻ കോട്ടേജ്‌, കോട്ടേജ്‌ (മൂന്നെണ്ണം) എന്നിവയാണ്‌ വിനോദസഞ്ചാരികൾക്ക്‌ ബുക്ക്‌ ചെയ്യാവുന്നത്‌. മുറികളും കെട്ടിടങ്ങളും ഒന്നായും മുറികൾ പ്രത്യേകമായും ദിവസവാടകക്കെടുക്കാൻ കഴിയുംവിധമാണ്‌ സോഫ്‌റ്റ്‌വെയർ പരിഷ്കരിച്ചിട്ടുള്ളത്. അഞ്ചും നാലും കിടക്കകളുള്ള പാലസ്‌ (എസി) ഒരുദിവസം 3500 രൂപ, രണ്ട്‌ കിടക്കകൾ വീതമുള്ള ട്വിൻ പാലസ്‌ (എസി) 2000രൂപ വീതം, കോട്ടേജ്‌ 3500രൂപ, ഡോർമെറ്ററി മാതൃകയിൽ നാല്‌ ബെഡ്‌ 3000 രൂപ, മൂന്ന്‌ ബെഡ്‌ 1500 രൂപ, രണ്ട്‌ ബെഡ്‌ 1000 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബുക്കിങ് നമ്പർ–-7594970464.
കേരള പൊതുമാരമത്ത്‌ വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌ കുറ്റാലം കൊട്ടാരം. രണ്ടുകോടി രൂപ ചെലവഴിച്ച്‌ അടുത്തിടെയാണ്‌ കൊട്ടാരം നവീകരിച്ചത്‌. സ്വദേശത്തെയും വിദേശത്തെയും ടൂറിസ്റ്റുകൾക്ക്‌ ദൃശ്യചാരുതയേകുംവിധമാണ്‌ നവീകരണം നടത്തിയിട്ടുള്ളത്‌. നേരത്തെ പിഡബ്ല്യുഡി ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു ബുക്കിങ്. ഓൺലൈൻ സൗകര്യം വന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾ പാലസിൽ എത്തുമെന്നാണ്‌ പ്രതീക്ഷ. പ്രധാന കെട്ടിടത്തിൽ ഇരുന്നാൽ കുറ്റാലം വെള്ളച്ചാട്ടം കാണാൻകഴിയും.
വാച്ചർമാരെ 
നിയമിക്കണം
കുറ്റാലം കൊട്ടാരത്തിൽ വാച്ചർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തം. നിലവിൽ ഒരു ജൂനിയർ സൂപ്രണ്ട്‌, രണ്ട്‌ ക്ലർക്ക്‌, ഒരു കെയർടേക്കർ (ചാർജ്‌), നാല്‌ ഗാർഡനർ, നാല്‌ ശുചീകരണത്തൊഴിലാളികൾ എന്നിവരാണുള്ളത്‌. കുറ്റാലം വെള്ളച്ചാട്ടത്തിന്‌ സമീപം റോഡിന്റെ ഇരുവശത്തായി 56.57 ഏക്കറിൽ 2639.98 ചതുരശ്ര മീറ്ററിലാണ്‌ കൊട്ടാരം. ഓഫീസും നാലുകെട്ടും തമ്മിൽ ഒരു കിലോമീറ്റർ അകലമുണ്ട്‌. കൊട്ടാരം 800 മീറ്റർ അകലെയുമാണ്‌. വിസ്‌തീർണ്ണം കൂടുതലായതിനാൽ സർവീസിന്‌ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം. വാച്ചർമാരും അനിവാര്യമാണ്‌. ക്ലീനിങിനും കൂടുതൽപേർ വേണം. മുറികൾ രാവിലെ 11നാണ്‌ ചെക്ക്‌ഔട്ട്‌ ചെയ്യുന്നത്‌. 12ന്‌ അടുത്ത ആളുകളെ പ്രവേശിപ്പിക്കുകയും വേണം. സുരക്ഷയ്‌ക്കായി പത്ത്‌ പൊലീസ്‌ ഉദ്യോഗസ്ഥരെയും സർക്കാർ ഇവിടെ നിയമിച്ചിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top