22 November Friday

നീന്തിക്കയറ്റാൻ 
കുഞ്ഞിക്കൈകൾ

സുരേഷ്‌ വെട്ടുകാട്ട്‌Updated: Monday Aug 19, 2024

യദുകൃഷ്‌ണന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുന്നു

 
കരുനാഗപ്പള്ളി
നീന്തലറിയാതെ നിലയില്ലാക്കയങ്ങളിലേക്ക് മുങ്ങിയാഴ്ന്നുപോകുന്ന കുരുന്നുകൾക്ക്‌ രക്ഷയുടെ പാഠവുമായി കരുനാഗപ്പള്ളിയിൽ ഒരു കുട്ടിപരിശീലകനുമുണ്ട്‌. അച്ഛനും അമ്മയ്‌ക്കുമൊപ്പം നീന്തൽ പരിശീലനം നൽകി ശ്രദ്ധേയനാകുകയാണ്‌ കരുനാഗപ്പള്ളി തുറയിൽകുന്ന് കോവശേരിലെ 12 വയസ്സുകാരൻ. സഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെയും നിജയുടെയും മകനായ യദുകൃഷ്‌ണനാണ്‌ താരം. കേരളത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ പരിശീലകനാണ്‌ യദു.
പ്രതിവർഷം കേരളത്തിൽമാത്രം മുങ്ങി മരിക്കുന്നവരുടെ എണ്ണം 1100 മുതൽ 1200ന് മുകളിലാണ്. ഒരു നീന്തൽ പരിശീലകൻ എന്ന നിലയിൽ ഇത്‌ തന്നെ ഏറെ വിഷമിപ്പിക്കുന്നതാണെന്നാണ്‌ ഡോൾഫിൻ രതീഷ്‌ പറഞ്ഞത്‌. മുങ്ങിമരണങ്ങൾ ഇല്ലാതാക്കാനാണ്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചത്‌. ഭാര്യ നിജയും ബന്ധുവായ രുദ്രയും പരിശീലക സംഘത്തിലുണ്ട്‌. ഡി ആർ സ്വിമ്മിങ്‌ അസോസിയേഷൻ എന്നാണ്‌ കൂട്ടായ്‌മയുടെ പേര്‌. 3000ത്തിലധികം ആളുകൾക്ക്‌ പരിശീലനം നൽകിയിട്ടുണ്ട്‌. അഞ്ച്‌ വയസ്സു മുതൽ 65 വയസ്സിനു മുകളിലുള്ളവർവരെ ഇവിടെ നീന്തൽ പഠിക്കാനെത്തുന്നുണ്ട്‌. വെള്ളത്തിൽവച്ച് അപകടം ഉണ്ടായാൽ സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെക്കുറിച്ചും രക്ഷാ ഉപകരണങ്ങളെക്കുറിച്ചും ബോധവൽക്കരണവും നൽകുന്നുണ്ട്‌. സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്നാണ്‌ രതീഷിന്റെ ആഗ്രഹം. ലൈഫ് ഗാർഡാണ്‌ രതീഷ്. വളരെ ചെറുപ്പത്തിൽതന്നെ നീന്തൽ വശമാക്കിയെങ്കിലും കഴിഞ്ഞ മൂന്നുവർഷമായാണ് യദു പരിശീലനത്തിൽ സജീവമാകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top