ഉദുമ
ജില്ലയിൽ ഏറ്റവും കൂടുതൽ അടിസ്ഥാന സൗകര്യങ്ങളുള്ള ഉദുമ സബ് രജിസ്ട്രാർ ഓഫീസിന്റെ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കാസർകോട് -–- കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഉദുമ പള്ളം ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് സംസ്ഥാന
രജിസ്ട്രേഷൻ വകുപ്പ് കിഫ്‌ബിയിൽ അനുവദിച്ച 1.62 കോടി ചെലവിൽ നിർമിച്ച കെട്ടിടം. 23ന് രാവിലെ പത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കെട്ടിടം തുറന്നുകൊടുക്കും. ഇരുനില കെട്ടിടത്തിൽ പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള മുറി, സബ് രജിസ്ട്രാറുടെ മുറി. ഓഫീസ് മുറി, ഡൈനിങ് റൂം, ഇൻസ്പെക്ഷൻ റൂം, പൊതുജനങ്ങൾക്ക് രണ്ട് ടോയ് ലറ്റ് ഉൾപ്പെടെ 4 ടോയ്‌ലറ്റുകൾ എന്നിവയും ഒന്നാം നിലയിൽ റിക്കാഡ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
റിക്കാഡുകൾ സൂക്ഷിക്കാൻ ആധുനിക കോംപാക്ടറുകൾ സ്ഥാപിക്കും.15 ലക്ഷം രൂപ ചെലവിലാണ് ഇത് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവൃത്തി ഒരു മാസത്തിനകം നടക്കും.
ഹൊസ്‌ദുർഗ് താലൂക്കിലെ ഉദുമ, പള്ളിക്കര പഞ്ചായത്തുകളിൽ പെട്ട ഉദുമ, ബാര, കോട്ടിക്കുളം, പള്ളിക്കര, പനയാൽ വില്ലേജുകളും കാസർകോട് താലൂക്കിലെ ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിലെ കളനാട്, തെക്കിൽ, കൊളത്തൂർ, ബേഡഡുക്ക, മുന്നാട്, കരിവേടകം, കുറ്റിക്കോൽ, ബന്തടുക്ക വില്ലേജുകളും ഉൾപ്പെടെ 13 വില്ലേജുകളാണ് ഓഫീസിന്റെ പരിധിയിൽ.
കേരളത്തിന്റെ പടിഞ്ഞാറ് അറബിക്കടൽ മുതൽ കിഴക്ക് പശ്ചിമഘട്ടത്തിലെ കർണാടക വനമേഖല വരെ പരിധിയായി വരുന്ന ഏക സബ് റജിസ്ട്രാർ ഓഫീസാണിത്. 1971 ൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചെങ്കിലും സ്വന്തമായി കെട്ടിടം നിർമിക്കാൻ സർക്കാർ സ്ഥലം ലഭ്യമായിരുന്നില്ല. 2011ൽ കെട്ടിടം നിർമിക്കാൻ കെ കെ അബ്ദുല്ല ഹാജി 10 സെന്റ് സ്ഥലം സൗജന്യമായി നൽകി. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെയും മുൻ എംഎൽഎ കെ കുഞ്ഞിരാമന്റെയും നിരന്തര ശ്രമഫലമായാണ് കെട്ടിടം യഥാർഥ്യമായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..