കൊല്ലം> ദേശീയപാത 66 ആറുവരിപ്പാതയാക്കുന്ന നിർമാണപ്രവർത്തനങ്ങൾക്ക് ഇതിനകം അഷ്ടമുടിക്കായലിൽനിന്ന് എടുത്തത് 18000 ക്യുബിക് മീറ്റർ എക്കൽ മണ്ണ്. മൂന്നുലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് ദേശീയപാത നിർമാണത്തിന് ആവശ്യം. ദേശീയ ജലപാതയ്ക്കുവേണ്ടി കുഴിച്ച ഭാഗത്തെ മണ്ണ് ദേശീയപാത 66-ന്റെ പ്രവൃത്തിക്ക് സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയതോടെ ഡ്രഡ്‌ജിങ്ങിന് ഗതിവേഗമായി. മണ്ണ് ദേശീയപാത നിർമാണത്തിന് മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥയിൽ ജിയോളജി വകുപ്പ് റോയൽറ്റിയും റവന്യുവകുപ്പ് സിനറേജും ഈടാക്കുന്നത് ഒഴിവാക്കി.
ഇതനുസരിച്ച് ഉൾനാടൻ ജലഗതാഗത വകുപ്പ് നിർണയിച്ചു നൽകിയ നീണ്ടകര, കാവനാട് ഭാഗങ്ങളിൽനിന്ന് മെയ് മുതൽ തുടങ്ങിയ ഡ്രെഡ്‌ജിങ്ങിലാണ് 18000 ക്യൂബിക് മീറ്റർ മണ്ണെടുത്തത്. ഇവിടം പൂർത്തിയായാൽ ദളവാപുരം, സാമ്പ്രാണിക്കോടി, മങ്ങാട് പാലത്തിനു സമീപം എന്നിവിടങ്ങളിലാകും ഡ്രഡ്‌ജിങ്. ദേശീയജലപാത കടന്നുപോകുന്ന പാതയിലാണ് ഡ്രഡ്‌ജിങ് നടത്തുന്നത്. ദേശീയപാത നിർമാണത്തിന് മണ്ണ്, പാറ എന്നിവയുടെ ക്ഷാമം എൻഎച്ച്‌എഐയും കരാർക്കമ്പനികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്താണ് അഷ്ടമുടിക്കായലിൽനിന്ന് എക്കൽമണ്ണ് എടുക്കാൻ തീരുമാനിച്ചത്.
ഡ്രെഡ്‌ജിങിനുവേണ്ട ചെലവ് എൻഎച്ച്‌എഐ കരാർ കമ്പനികളാണ് വഹിക്കുന്നത്. ജലപാതയിൽ ബോട്ടിന് കടന്നുപോകാൻ വേണ്ടുന്ന ആഴം 2.2 മീറ്ററാണ്. എന്നാൽ, പലയിടത്തും 1.4 - 1.6വരെ മാത്രമാണ്. ഇവിടങ്ങളിൽ ഡ്രഡ്‌ജിങ് നടത്തി ആഴം കൂട്ടണമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് കൊല്ലം ഓഫീസ് ശുപാർശ ചെയ്‌തിട്ടുണ്ടായിരുന്നു. സുനാമിക്കുശേഷം കടലിൽനിന്ന് ധാരാളം എക്കൽമണ്ണ് കായലിൽ അടിഞ്ഞത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..