കൊല്ലം
പുനലൂർ–- ചെങ്കോട്ട റെയിൽപാതയിൽ അർധരാത്രി പാലരുവി എക്സ്പ്രസിൽനിന്നു വനഭാഗത്തേക്ക് തെറിച്ചുവീണ യുവാവിനെ രക്ഷിച്ച റെയിൽവേ ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. തിരുനെൽവേലി അയ്യാപുരം സ്വദേശി മധുസൂദനെ (19) രക്ഷിച്ച നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എൻജിനിയറിങ് വിഭാഗം ജീവനക്കാരായ പ്രിയേഷ്ബാബു, ബോഡ ശിവജി എന്നിവരാണ് നാടിന്റെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്.
ഞായർ പുലർച്ചെ 1.30ന് ഒറ്റക്കൽ–-ഇടമൺ സ്റ്റേഷനുകൾക്ക് ഇടയിൽ ഉദയഗിരിയിലാണ് സംഭവം. തിരുനെൽവേലിക്കു പോകാൻ ഞായർ രാത്രിയാണ് ഓച്ചിറ സ്റ്റേഷനിൽനിന്ന് മധുസൂദനും കുടുംബവും കയറിയത്. ശുചിമുറിയിൽ പോയി തിരികെ ഇരിപ്പിടത്തിലേക്ക് പോകവെ ട്രെയിനിന്റെ കതക് തട്ടിയാണ് പുറത്തേക്ക് തെറിച്ചുവീണത്. മധുസൂദൻ തെറിച്ചുവീണ ആനപ്പെട്ടകോങ്കൽ കുറുക്കനും മ്ലാവും ഉൾപ്പെടെ മൃഗങ്ങൾ രാത്രിസഞ്ചാരത്തിന് ഇറങ്ങുന്നിടമാണ്. മധുസൂദനെ കാണാനില്ലെന്ന വിവരം ട്രെയിനിൽ പതിച്ചിട്ടുള്ള ആർപിഎഫ് നമ്പരിലേക്കാണ് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ വിളിച്ചറിയിച്ചത്. ആർപിഎഫ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജയകുമാർ ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിയേഷ്ബാബുവിനെ വിവരമറിയിച്ചത്. ഈ മേഖലയെക്കുറിച്ച് നല്ല ധാരണയുള്ള പ്രിയേഷ് സഹപ്രവർത്തകൻ ബോഡ ശിവജിയെയും കൂട്ടി തിരച്ചിൽ നടത്തുകയായിരുന്നു. ട്രെയിൻ ആര്യങ്കാവിൽ എത്തുംമുമ്പ് അരമണിക്കൂറിനുള്ളിൽ ആനപ്പെട്ടകോങ്കൽ ഭാഗത്ത് നിസ്സാര പരിക്കേറ്റ് കിടന്ന മധുസൂദനെ കണ്ടെത്തി.
പ്രിയേഷും ബോഡ ശിവജിയും ചേർന്ന് യുവാവിനെ താങ്ങി ട്രാക്കിലൂടെ നടത്തി ഒരു വീട്ടിൽ എത്തിച്ച് വെള്ളംകൊടുത്തു. പ്രാഥമിക ശുശ്രൂഷയും നൽകിയശേഷം മധുസൂദനെ ബന്ധുക്കൾക്കു കൈമാറി. എൻജിനിയറിങ് വിഭാഗത്തിലെ പ്രിയേഷ് ബാബു, ബോഡ ശിവജി എന്നിവരുടെ സേവനത്തെക്കുറിച്ച് റെയിൽവേ പുനലൂർ സെക്‌ഷൻ മധുര ഡിവിഷന് റിപ്പോർട്ട് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..