22 December Sunday
നവരാത്രി ഉത്സവം

പൂജപ്പുര മണ്ഡപവും ഓഡിറ്റോറിയവും വിട്ടുനൽകുന്നത് സൗജന്യമായി

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024
തിരുവനന്തപുരം 
പത്തുദിവസത്തെ നവരാത്രി ഉത്സവത്തിനായി പൂജപ്പുര സരസ്വതി മണ്ഡപവും ഓഡിറ്റോറിയവും കോർപറേഷൻ വിട്ടുനൽകുന്നത് സൗജന്യമായി. 
എല്ലാ വർഷത്തെയും പോലെ കോർപറേഷൻ നിയോഗിച്ച സമിതിക്ക് സൗജന്യമായി മണ്ഡപവും ഓഡിറ്റോറിയവും വിട്ടുനൽകാൻ മേയർ ആര്യ രാജേന്ദ്രൻ നിർദേശം നൽകിയിരുന്നു. ഇക്കാര്യം സമിതി ഭാരവാഹികളെ അറിയിച്ചതുമാണ്. കഴിഞ്ഞയാഴ്ച മേയറുടെ അധ്യക്ഷതയിൽ നവരാത്രി മഹോത്സവത്തിന്റെ മുന്നൊരുക്കം വിലയിരുത്താനും ഏകോപിപ്പിക്കാനുമായി വിവിധ വകുപ്പുകളുടെ യോഗവും ചേർന്നിരുന്നു. 
എന്നാൽ, ഈ വസ്തുതകളൊക്കെ മറച്ച് മണ്ഡപത്തിനും ഓഡിറ്റോറിയത്തിനും കോർപറേഷൻ ദിവസ വാടക ഈടാക്കുമെന്ന തരത്തിൽ വ്യാജവാർത്ത നൽകി വിവാദമുണ്ടാക്കാനാണ് മനോരമ പത്രത്തിന്റെ ശ്രമം. പ്രദേശത്തെ നാട്ടുകാരും എല്ലാ രാഷ്ട്രീയക്കാരുടെ പ്രതിനിധികളും അടങ്ങുന്ന സമിതിക്കാണ് നവരാത്രി ഉത്സവം നടത്താനുള്ള ചുമതല. ദിവസം 1000 രൂപയും ഡെപ്പോസിറ്റ് ഇനത്തിൽ 500 രൂപയും ഈടാക്കിയാണ് സാധാരണ മണ്ഡപം വിട്ടുനൽകാറുള്ളത്. 
ഓഡിറ്റോറിയത്തിനും നിശ്ചിത നിരക്ക് ഈടാക്കും. കോർപറേഷൻ നടപടിക്രമപ്രകാരം ഇതിനുള്ള വാടക കണക്ക് സമിതിക്ക്‌ നൽകാറുണ്ട്. പിന്നീട് സമിതിയുടെ ആവശ്യപ്രകാരം ഈ തുക ഒഴിവാക്കി നൽകുകയാണ് പതിവ്. ഇത്തവണയും മണ്ഡപവും ഓഡിറ്റോറിയത്തിനും വാടക ഈടാക്കില്ലെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കിയതുമാണ്. 28 മുതൽ ഒക്ടോബർ 15 വരെയാണ് നവരാത്രി മഹോത്സവം.
ടെൻഡർ വിളിച്ചത് 
വ്യാപാരമേളയ്ക്ക്
പൂജപ്പുര മണ്ഡപത്തിലെയും ഓഡിറ്റോറിയത്തിലെയും ഉത്സവ ആഘോഷങ്ങൾക്ക് പുറമേ മൈതാനത്ത് വ്യാപാരമേളയാണ് നടത്തുന്നത്. ഇതിനായി മുൻവർഷങ്ങളിൽ 11 ലക്ഷം രൂപ തറവാടകയാണ് കോർപറേഷൻ ഈടാക്കിയിരുന്നത്. 60 ലക്ഷത്തിലേറെ രൂപയുടെ ലാഭം ഈ മേളയിൽനിന്ന് സംഘാടകർക്ക് ലഭിക്കുന്നുണ്ട്. വ്യാപാരമേളയ്ക്കായി മൈതാനം വിട്ടുനൽകാനാണ് നിയമാവലി പ്രകാരം കോർപറേഷൻ ടെൻഡർ വിളിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top