20 October Sunday

കൽപ്പറ്റയിൽ പുലി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

പുലി പാറയുടെ മുകളിൽ കിടക്കുന്നു

കൽപ്പറ്റ
പെരുന്തട്ടക്കാരെ ഭയത്തിലാക്കി പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. വ്യാഴം രാത്രി എട്ടോടെ പെരുന്തട്ട എസ്റ്റേറ്റിന് ഉള്ളിലുള്ള നമ്പർ വൺ ഭാഗത്തെ ക്വാറിയുടെ മുകൾവശത്തെ പാറയിലാണ് പുലിയെ കണ്ടത്. രാത്രിയിൽ പ്രദേശത്ത് സംസാരിച്ചിരുന്നവരാണ് പാറയുടെ മുകളിൽനിന്ന് കണ്ണുകൾ തിളങ്ങുന്നത് കണ്ട് ടോർച്ചടിച്ചുനോക്കിയത്. പുലിയാണെന്ന് ഉറപ്പുവരുത്തിയശേഷം വനപാലകരെ വിവരമറിയിച്ചു. രണ്ടര മണിക്കൂറോളം പാറയുടെ മുകളിൽക്കിടന്നു. ശബ്ദം ഉണ്ടാക്കിയിട്ടും മുഖത്തേക്ക് വെളിച്ചമടിച്ചിട്ടും പുലി ഓടിപ്പോയില്ല. വനപാലകർ എത്തിയതിനുശേഷമാണ് സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടത്‌. പ്രദേശവാസികൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. മാസങ്ങളായി തുടരുന്ന പുലിശല്യത്തിന് അറുതിയില്ലാതായതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.
രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ടാഴ്ചമുമ്പ് അടഞ്ഞുകിടക്കുന്ന ക്രഷറിന് സമീപം കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയിട്ടില്ല. ബുധനാഴ്ച കുളത്തിന് സമീപത്തേക്ക് വനംവകുപ്പ്  കൂട്‌ മാറ്റിസ്ഥാപിച്ചിരുന്നു. നിരവധി വളർത്തുനായകളെയും പ്രദേശത്ത് തമ്പടിക്കുന്ന തെരുവുനായകളെയും കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. നടുപ്പാറ ഭാഗത്തും പുലിയെ നാട്ടുകാർ കണ്ടിട്ടുണ്ട്. കഴിഞ്ഞമാസം പ്രദേശവാസിയായ അബു താഹിറിന്റെ പശുവിനെ പുലി പിടികൂടി ഭക്ഷിച്ചിരുന്നു. മറ്റൊരു പശുവിന്‌ മാരകമായി മുറിവേറ്റിരുന്നു. ഗവ. യുപിഎസ് പെരുന്തട്ടയടക്കം പ്രവർത്തിക്കുന്ന പ്രദേശമാണ്. വിദ്യാർഥികൾ ഒറ്റക്ക് വീടുകളിലേക്ക് നടന്നുപോകുന്ന പാതയുമായതിനാൽ വലിയ ഭീതിയുണ്ടാക്കുന്നുണ്ട്.
 
പുലിസാന്നിധ്യം അഞ്ച് വാർഡുകളിൽ 
കൽപ്പറ്റ
നഗരസഭയിലെ അഞ്ച് വാര്‍ഡുകളിലാണ് നിലവിൽ പുലിയുടെ സാന്നിധ്യമുള്ളത്. 
15, 16, 17, 20, 21 വാർഡുകളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പുലിയെ കണ്ടു. പെരുന്തട്ടയിലാണ് വളർത്തുമൃഗങ്ങളെയടക്കം ആക്രമിക്കുന്ന പുലി മാസങ്ങളായി വിലസുന്നത്. ചുഴലി, പുൽപ്പാറ, റാട്ടക്കൊല്ലി, പുൽപ്പാറക്ക് പോകുന്ന വഴിയിലെ ബൈപാസിനോട് ചേർന്ന ഭാഗം എന്നിവിടങ്ങളിലെല്ലാം പുലിയെത്തി. പെരുന്തട്ടയിലും ചുഴലിയിലും ഒരേ പുലി തന്നെയാണ് എത്തുന്നതെന്ന്‌ സംശയം. എസ്റ്റേറ്റിന്റെ ഒരതിർത്തി ചുഴലി തുറക്കാട് ഭാഗത്താണ്. എസ്റ്റേറ്റ് പ്ലാന്റേഷനോട് ചേർന്ന് കാട്‌ പിടിച്ചുകിടക്കുന്ന ഭാഗം വെട്ടി വൃത്തിയാക്കാനും അപകടസാഹചര്യം ഒഴിവാക്കാനും ആവശ്യപ്പെട്ട് റാട്ടക്കൊല്ലി കൗൺസിലർ എ ആർ ശ്യാമള വ്യാഴാഴ്ച കലക്ടർക്ക് പരാതി നൽകിയിരുന്നു. പുൽപ്പാറയിലെ നാട്ടുകാർ എസ്റ്റേറ്റ് മാനേജരെ കണ്ട് കാടുകൾ മുഴുവനായും വെട്ടി വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top