22 December Sunday

അരുമകളെ തിരിച്ചറിയാം മൈക്രോച്ചിപ്പിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

 

കൊല്ലം
കോർപറേഷൻ പരിധിയിൽ വളർത്തു നായകളെ തിരിച്ചറിയാനായി മൈക്രോചിപ്പ്‌ സംവിധാനം ആരംഭിച്ചു. ലൈസൻസ് നൽകി നായ വളർത്തൽ വ്യവസ്ഥാപിതമാക്കാനുള്ള പദ്ധതിക്കും ഇതോടെ തുടക്കമായി. നായയെ പ്രായാന്ത്യത്തിൽ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണതകൾ ഒഴിവാക്കാനും വിദേശരാജ്യങ്ങളിലേക്കുൾപ്പെടെ കൊണ്ടുപോകാനും പ്രദർശനങ്ങളിൽ പങ്കെടുപ്പിക്കാനും പദ്ധതി സഹായകമാകും. നെൽമണിയുടെ രൂപത്തിൽ  സമാനമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ എന്ന ഉപകരണമാണ്‌ നായകളുടെ തോൾഭാഗത്ത് ഘടിപ്പിക്കുന്നത്‌. തുടർന്ന്‌ സ്കാനർ വഴി പേര്‌, ജനുസ്, ഇനം, നിറം,  ഉടമ എന്നിവ തിരിച്ചറിയാൻ സാധിക്കും. മങ്ങാട്, പുന്തലത്താഴം, ശക്തികുളങ്ങര, ഇരവിപുരം, അഞ്ചാലുംമൂട് മൃഗാശുപത്രികളിലും തേവള്ളി ജില്ലാവെറ്ററിനറി കേന്ദ്രത്തിലും 250രൂപ നിരക്കിൽ  മൃഗാശുപത്രികളിൽ മൈക്രോചിപ്പിങ്‌ നടത്താം. ഇതിനായുള്ള പരിശീലനം വെറ്ററിനറി ഉദ്യോഗസ്ഥർക്ക് നൽകി. നഗരസഭ പരിധിയിലെ 7733 വളർത്തുനായകളെ പല ഘട്ടങ്ങളിലായി വിധേയമാക്കാനാണ്‌ തീരുമാനം. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി ഷൈൻകുമാർ പദ്ധതി വിശദീകരിച്ചു.  
സ്ഥിരംസമിതി അധ്യക്ഷരായ യു പവിത്ര, എസ് ജയന്‍, സജീവ് സോമന്‍, എസ് സവിതദേവി, സുജാ കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഹണി ബഞ്ചമിന്‍, ജോര്‍ജ് ഡി കാട്ടില്‍, ടി ജി ഗിരീഷ്, വെറ്ററിനറി സര്‍ജന്‍മാരായ ഡോ. ചിഞ്ചു ബോസ്, ഡോ. കിരണ്‍ ബാബു, ഡോ. സേതുലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top