30 October Wednesday
അഖിലേന്ത്യ സഹകരണ വാരാഘോഷ സമാപനം

ബാസ്‌ക്കറ്റ്‌ കോർട്ടിൽനിന്ന്‌ 
പൊലീസിലേക്ക്‌ ഒരു ഷോട്ട്

എം അനിൽUpdated: Sunday Nov 19, 2023
കൊല്ലം
2022ൽ എറണാകുളം കെഐപി ഒന്ന്‌ ബെറ്റാലിയനിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ഹലീമ ജാൻ പൊലീസ്‌ സേനയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു. ബാസ്‌ക്കറ്റ്‌ബോളിലെ മുന്നേറ്റമാണ്‌ ഹലീമയെ 19–-ാം വയസ്സിൽ പൊലീസിൽ ഹവിൽദാറായി യൂണിഫോം അണിയിപ്പിച്ചത്‌. ഏറ്റവും ഒടുവിൽ ഗോവയിൽ നടന്ന 37–ാമത്- നാഷണൽ ഗെയിംസിൽ കപ്പടിച്ച കേരള ടീമിലും ഈ വയയ്ക്കൽ ഒഴുക്കുപാറക്കൽ സ്വദേശിയുടെ സാന്നിധ്യം ശ്രദ്ധേയമായി. അഞ്ചൽ സെന്റ്‌ ജോൺസ്‌ സിബിഎസ്‌ഇ സ്‌കൂളിൽ പഠിക്കവെ 100മീറ്റർ ഓട്ടത്തിൽ പങ്കെടുത്താണ്‌ കായികരംഗത്തെ തുടക്കം. പീന്നീട്‌ ഏഴാംക്ലാസിൽ എത്തിയപ്പോൾ ബാസ്‌ക്കറ്റ്‌ ബോളിലേക്ക്‌ തിരിഞ്ഞു. സ്‌കൂളിൽ നടന്ന സംസ്ഥാന സബ്‌ ജൂനിയർ ബാസ്‌ക്കറ്റ്‌ ബോൾ മത്സരത്തിൽ പങ്കെടുത്തുകൊണ്ട്‌ പോണ്ടിച്ചേരിയിൽ നടന്ന നാഷണൽ മത്സരത്തിൽ കേരളത്തിനുവേണ്ടി കളിക്കാനായി ഈ നാട്ടിൻപുറത്തുകാരിക്ക്‌. 
സ്‌പോർട്‌സ്‌ ക്വാട്ടയിൽ തിരുവനന്തപുരം നാലാഞ്ചിറ സെന്റ്‌ ​ഗൊരേറ്റിസ്‌ ഗേൾസ്‌ എച്ച്‌എസിൽ എട്ടുമുതൽ പ്ലസ്‌ടുവരെ പഠിക്കാനായത്‌ ബാസ്‌ക്കറ്റ്‌ ബോളിൽ കൂടുതൽ അവസരങ്ങൾ സമ്മാനിച്ചു. ജൂനിയർ യൂത്ത്‌ കേരള ടീമിൽ എല്ലാവർഷത്തെയും രജിസ്‌ട്രേഡ്‌ കളിക്കാരിയായി മാറാൻകഴിഞ്ഞു. അണ്ടർ 23 കെലോ ഇന്ത്യ ടീമിനുവേണ്ടി ആസാമിലും മഹാരാഷ്‌ട്രയിലും നടന്ന മത്സരത്തിൽ പങ്കെടുത്തു. ഇതിനിടെ ഡൽഹിയിൽ നാഷണൽ ബാസ്‌ക്കറ്റ്‌ ബോൾ അക്കാദമിയിൽ പരിശീലനത്തിന്‌ അവസരം ലഭിച്ചിരുന്നു. അമേരിക്കൻ കോച്ചുകൾ നൽകിയ പരിശീലനം കരുത്തായി.
പ്ലസ്‌ ടു കഴിഞ്ഞ്‌ ബിരുദപഠനത്തിന്‌ സ്‌പോർട്‌സ്‌ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത്‌ തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജിൽ. ലിറ്ററേച്ചർ ഇംഗ്ലീഷിൽ പഠനം ഒന്നര വർഷമായപ്പോഴാണ്‌ 2022 ജൂലൈയിൽ പൊലീസിൽ നേരിട്ട്‌ നിയമനം ലഭിച്ചത്‌. ജോലി പിന്നീട്‌ തിരുവനന്തപുരം എസ്‌എപി ക്യാമ്പിലായി. അവിടെ കേരള പൊലീസ്‌ ബാസ്‌ക്കറ്റ്‌ ബോൾ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു. 2022ൽ പഞ്ചാബിലെ ജലന്തറിൽ നടന്ന പൊലീസ്‌ ഗെയിംസിൽ ജേതാക്കളായ കേരള ടീമിലും ഹലീമ ജാൻ ഉണ്ടായിരുന്നു. കായികരംഗത്ത്‌ കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള തയ്യാറെടുപ്പിലാണ്‌ ഈ ഇരുപത്തിയൊന്നുകാരി. അലാവുദീൻ വാപ്പയും ജെൻസി ഉമ്മയുമാണ്‌. സഹോദരങ്ങൾ: അമർ, ആലിഷ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top