27 December Friday

മലയോരത്തിന്റെ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

പനത്തടി പഞ്ചായത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച നിലയിൽ

രാജപുരം
മലയോരത്തിന്റെ ഉറക്കം കെടുത്തി കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ വിഹരിക്കുന്നു. വനത്തിൽ നിന്നെത്തുന്ന കാട്ടാനകൾ കാർഷിക വിളകൾ കൂട്ടത്തോടെ നശിപ്പിക്കുമ്പോൾ നിസ്സഹായരായി നോക്കിയിരിക്കാനേ കർഷകർക്കാവുന്നുള്ളൂ.   കർണാടക അതിർത്തി പഞ്ചായത്തായ പനത്തടിയിലാണ് കാട്ടാന ശല്യം കാരണം കർഷകർ ഏറെ ദൂരിതം അനുഭവിക്കുന്നത്.  
കർണാടക വനത്തിൽനിന്ന് അതിർത്തി കടന്ന്   ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാനകൾ  കുറെ കാലങ്ങളായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ  ഭീതിവിതയ്ക്കുന്നു.  മനുഷ്യ ജീവന് പോലും ആനകൾ ഭീഷണിയായി മാറി.  വനം വകുപ്പ് സ്ഥാപിച്ച  സൗരോർജ വേലിയും കടന്നെത്തുന്ന കാട്ടാനക്കൂട്ടങ്ങളെ ഭയന്നാണ്‌ തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും  കർഷകരും കഴിയുന്നത്‌.  
പനത്തടി പഞ്ചായത്തിലെ ഓട്ടമല, റാണിപുരം, കല്ലപ്പള്ളി, തുമ്പോടി, ചെർണ്ണൂർ, അരിപ്രോട്, വണ്ണാർക്കയം, കമ്മാടി, പെരുതടി, പാണത്തൂർ, പരിയാരം തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നത്‌. ഓരോ ദിവസവും ആനകൾ  കൃഷി നശിപ്പിക്കുമ്പോഴും കണ്ണീരൊഴുക്കി സങ്കടം പറയാനേ കർഷകർക്കാവുന്നുള്ളൂ. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ തടയാൻ  പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലിക്കുന്നില്ല. 
ആനകൾക്ക് വനത്തിനകത്ത് തീറ്റ കുറഞ്ഞതോടെയാണ് ജനവാസകേന്ദ്രത്തിലെ കൃഷി സ്ഥലങ്ങളിലെത്തുന്നത്‌.  പടക്കം പൊട്ടിച്ചിട്ടും ചെണ്ട കൊട്ടി ശബ്ദം ഉണ്ടാക്കിയിട്ടും ആനക്കൂട്ടം തിരികെ പോകുന്നില്ല. സൗരോർജ തൂക്കുവേലി  എല്ലാ സ്ഥലത്തും സ്ഥാപിച്ചാലേ കാട്ടാനശല്യത്തിന് പരിഹാരം കാണാനാവൂ.
 
  നടപടി സ്വീകരിച്ചുവരുന്നു
പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആന ശല്യം രൂക്ഷമാണ്. പല തവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.  ആന വരാതിരിക്കാനുള്ള എല്ലാ നടപടിയും പഞ്ചായത്ത്‌ സ്വീകരിച്ചുവരുന്നു. കർഷകരുടെ ഉൾപ്പെടെ യോഗം വിളിച്ചു പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിട്ടുണ്ട്. പ്രദേശത്ത്  സൗരോർജ തൂക്കുവേലി നിർമാണം നടക്കുന്നുണ്ട്‌.  റാണിപുരം പെരുതടി മേഖലയിൽ 17 കിലോമീറ്റർ ഭാഗത്ത് വേലി നിർമിക്കാൻ നടപടിയായി.  കിലോമീറ്ററിന് 7.5 ലക്ഷം വച്ച് 15 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 
പ്രസന്ന പ്രസാദ് 
പനത്തടി പഞ്ചായത്ത് പ്രസിഡന്റ്
 
 വനം വകുപ്പ്  ജാഗ്രതപുലർത്തണം
കുറെ വർഷങ്ങളായി പനത്തടി പഞ്ചായത്തിൽ ആന ശല്യം തുടരുകയാണ്. ഇപ്പോൾ അതിരൂക്ഷമായി. കൂട്ടത്തോടെ എത്തുന്ന ആനകൾ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്നു. കർഷകർക്ക്  കൃഷിനാശത്തിന്‌ ആവശ്യമായ നഷ്ടപരിഹാരം പോലും കിട്ടുന്നില്ല. ആനയെ പേടിച്ച് ചിലർ താമസം പോലും മാറ്റുന്നു.  പഞ്ചായത്ത് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ പൂർണാമായും വേലി നിർമിക്കാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പ് ഈ കാര്യത്തിൽ ജാഗ്രത പുലർത്തണം.
പി തമ്പാൻ
സിപിഐ എം ഏരിയ കമ്മിറ്റി അംഗം
 
 അടിയന്തിര നടപടി വേണം
പ്രദേശത്തെ ആന ശല്യത്തിന്‌ ശ്വാശ്വത പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. പല തവണ കർഷകരുടെ യോഗം ചേർന്നും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സമരങ്ങൾ നടത്തിയിട്ടും നടപടി ഉണ്ടായില്ല. വനം വകുപ്പ്  തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്. കർഷകരുടെ കൃഷിയിടങ്ങൾ പൂർണമായും ആനകൾ നശിപ്പിക്കുന്നു.   ആനശല്യം തടയാൻ അടിയന്തിര നടപടി ഉണ്ടാകണം.
ബിനു വർഗീസ് 
സിപിഐ എം പാണത്തൂർ 
ലോക്കൽ സെക്രട്ടറി
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top