23 December Monday

അഴീക്കോടൻ അച്ചാംതുരുത്തി ജലരാജാക്കന്മാർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

ജലരാജാക്കന്മാരായ അഴീക്കോടൻ അച്ചാംതുരുത്തിക്ക്‌ എം രാജഗോപാലൻ എംഎൽഎ ട്രോഫി നൽകുന്നു

ചെറുവത്തൂർ
അച്ചാംതുരുത്തി തേജസ്വിനിപ്പുഴയെ പുളകമണിയിച്ച്‌ നടന്ന ഉത്തര മലബാർ ജലോത്സവത്തിൽ അഴീക്കോടൻ അച്ചാംതുരുത്തിക്ക്‌ ജലരാജപ്പട്ടം. ഞായറാഴ്‌ചയായിരുന്നു മത്സരം. എന്നാൽ മത്സരത്തിനിടെ കനത്ത മഴ പെയ്‌തതോടെ രണ്ട്‌ വിഭാഗങ്ങളിലുള്ള മത്സരം തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. തിങ്കൾ രാവിലെ മുതൽ വനിതകളുടെ 15 പേർ തുഴയും മത്സര ഫൈനലും പുരുഷന്മാരുടെ 25 പേർ തുഴയും മത്സരവും ഫൈനലുമാണ്‌ നടന്നത്‌. 
പുരുഷ വിഭാഗം 25 പേർ തുഴയും മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ്‌ അഴീക്കോടൻ അച്ചാംതുരുത്തി ജലരാജപ്പട്ടം അണിഞ്ഞത്‌. എ കെ ജി പൊടോത്തുരുത്തി രണ്ടും വയൽക്കര വെങ്ങാട്ട്‌ മൂന്നും സ്ഥാനം നേടി. 
വനിതകളുടെ 15 പേർ തുഴയും മത്സരത്തിന്റെ ആവേശകരമായ അന്ത്യത്തിനൊടുവിൽ വയൽക്കര വെങ്ങാട്ട്‌ ആധിപത്യം ഉറപ്പിച്ചു. കൃഷ്‌ണപ്പിള്ള കാവുംചിറയുടെ രണ്ടു ടീമുകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.  
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത് ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിലാണ്‌ ജലോത്സവം സംഘടിപ്പിച്ചത്‌. 
വിജയികൾക്ക് എം രാജഗോപാലൻ എംഎൽഎ ട്രോഫി നൽകി.
 
സംഘാടന മികവിൽ  
ജലോത്സവം
തേജസ്വിനിയിൽ നടന്ന ജലോത്സവം വൻവിജയമാക്കി തീർക്കാൻ സംഘാടക സമിതി ഒരുക്കിയ തയ്യാറെടുപ്പുകൾ  പ്രശംസ പിടിച്ചുപറ്റി. മഴ പെയ്‌തതിനെ തുടർന്ന്‌ മത്സരം രണ്ടാം ദിവസത്തേക്ക്‌ മാറ്റിയെങ്കിലും ജലോത്സവത്തിന്റെ പെരുമ ഒട്ടും ചോർന്നില്ല. ആയിരങ്ങൾ രണ്ടാം ദിനത്തിലും തേജസ്വിനിയുടെ ഇരുകരകളിലും ആവേശം പകരാനെത്തി. ടീമുകൾ തമ്മിലുള്ള അസ്വാരസ്യം ഒഴിവാക്കുന്നതിനായി സംഘാടകസമിതി ഇത്തവണ പുതിയ മാർഗ നിർദേശങ്ങളാണ് നടപ്പിലാക്കിയത്. ഇത് കൃത്യമായി നടപ്പാക്കാൻ സാധിച്ചതിലൂടെ മത്സരം
കൂടുതൽ ശ്രദ്ധേയമായി. മത്സരത്തിൽ പങ്കെടുക്കാത്ത വള്ളങ്ങൾ ട്രാക്കിൽ കടക്കാതിരിക്കാൻ പുഴയിൽ ബോട്ടുകൾ സജീകരിച്ചു. മത്സരത്തിന്റെ പിഴവുകൾ കണ്ടെത്താൻ നിയോഗിച്ച ട്രാക്ക് ജഡ്ജസും മത്സര വിധികർത്താക്കളും തങ്ങളുടെ ജോലി കൃത്യമായി നിർവഹിച്ചു.  മത്സരം കൃത്യമായി ഒപ്പിയെടുക്കാൻ അത്യാധുനിക കാമറ സംവിധാനവും ഒരുക്കിയിരുന്നു.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top