പയ്യന്നൂർ
തെയ്യങ്ങൾ, തറി, പൂരക്കളി, കോൽക്കളി, ഖാദി എന്നിവയ്‌ക്കുപിന്നാലെ കൗമാര കലാമാമാങ്കമൊരുക്കിയും പെരുമയുയർത്താൻ പയ്യന്നൂരിന്റെ മണ്ണൊരുങ്ങി. ഏഴുവർഷത്തിനുശേഷമാണ് ജില്ലാ കലോത്സവത്തിന് പയ്യന്നൂർ ആതിഥേയരാകുന്നത്. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ചൊവ്വ വൈകിട്ട് നാലിന് ഉത്സവാന്തരീക്ഷത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനാകും. വി ശിവദാസൻ എംപി, എം വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, നടൻ ഉണ്ണിരാജ ചെറുവത്തൂർ എന്നിവർ മുഖ്യാതിഥികളാകും.
അഞ്ചുനാൾ നീളുന്ന മേളയിൽ 15 ഉപജില്ലകളിൽനിന്നായി 10,698 മത്സരാർഥികളുണ്ട്. യുപി വിഭാഗം –- 38, ഹൈസ്കൂൾ –- 101, എച്ച്എസ്എസ് –- 110, സംസ്കൃതം –- 38, അറബി –- 32 എന്നിങ്ങനെ 319 മത്സര ഇനങ്ങളാണ് 17 വേദികളിലായി നടക്കുന്നത്. ആദ്യദിവസംതന്നെ വേദികളുണരും. രചനാമത്സരങ്ങൾക്കൊപ്പം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യം, കേരള നടനം, അറബനമുട്ട്, ബാൻഡ് മേളം, പൂരക്കളി എന്നിവയും ആദ്യ ദിവസം നടക്കും.
പാലുകാച്ചി; ഭക്ഷണത്തിന്
വിപുലമായ ഒരുക്കം
അഞ്ചുദിവസവും മൂന്നുനേരങ്ങളിലായി പയ്യന്നൂരിന്റെ രുചിപ്പെരുമ വിളിച്ചറിയിക്കുംവിധം ഭക്ഷണം നൽകാനുള്ള ഒരുക്കങ്ങളാണ് കെ യു ദാമോദരപ്പൊതുവാളുടെ നേതൃത്വത്തിൽ നടക്കുന്നത്. ഒരേസമയം 750 പേർക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നതാണ് ഊട്ടുപുര. നഗരിയിലെത്തുന്നവർക്ക് തിളപ്പിച്ചാറ്റിയ വെള്ളംമാത്രം നൽകും. പാർസലിനുപകരം സ്‌കൂളുകളിൽനിന്ന് കൊണ്ടുവരുന്ന ടിഫിൻ ബോക്‌സുകളിലാണ് ഭക്ഷണം നൽകുക. മാലിന്യനിയന്ത്രണത്തിന്റെയും പരിസ്ഥിതി സൗഹാർദ നയത്തിന്റെയും ഭാഗമായാണ് ഈ തീരുമാനം. കലവറയിൽ ടി ഐ മധുസൂദനൻ എംഎൽഎ, കെ യു ദാമോദര പൊതുവാൾ എന്നിവരുടെ നേതൃത്വത്തിൽ പാലുകാച്ചി. നഗരസഭാ ചെയർമാൻ കെ വി ലളിത, ഭക്ഷണ കമ്മിറ്റി കൺവീനർ ടി വിശ്വനാഥൻ, വൈസ് ചെയർമാൻ ശശി വട്ടക്കൊവ്വൽ, കൺവീനർ കെ ശശീന്ദ്രൻ, പി സന്തോഷ് എന്നിവർ പങ്കെടുത്തു.
പയ്യന്നൂരിൽ
ഗതാഗത നിയന്ത്രണം
പയ്യന്നൂർ
കലോത്സവത്തിനെത്തുന്ന വാഹനങ്ങൾക്ക് നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പാർക്കിങ്ങിനായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊലീസ് മൈതാനം (ടൂ വീലർ, ത്രീവീലർ, കാർ, മറ്റ് ചെറുവാഹനങ്ങൾ ), പുതിയ ബസ് സ്റ്റാൻഡ്(സ്കൂൾ ബസ്, വലിയ വാഹനങ്ങൾ), സുമംഗലി ടാക്കീസിന് മുൻവശം (ചെറിയ വാഹനങ്ങൾമാത്രം), ഗേൾസ് സ്കൂളിന് മുൻവശത്തെ സബ ആശുപത്രിയുടെ പാർക്കിങ് സ്ഥലം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. മത്സരാർഥികളുമായെത്തുന്ന വലിയ വാഹനങ്ങൾ കുട്ടികളെ സെൻട്രൽ ബസാറിൽ ഇറക്കിയശേഷം ബികെഎം ആശുപത്രി ജങ്ഷൻ, എൽ ഐ സി ജങ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. സെൻട്രൽ ബസാർ ട്രാഫിക് സിഗ്നൽ ജങ്ഷൻ മുതൽ ട്രഷറിവരെ റോഡ് വൺവേ ആയിരിക്കും. സ്കൂൾ വളപ്പിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബോയ്സ് സ്കൂൾ റോഡിലെ ഓട്ടോ പാർക്കിങ് മാറ്റി ക്രമീകരിക്കും. പാർക്കിങ് ബോർഡുകളും സ്ഥാപിക്കും. ഗാന്ധിപാർക്കിലേക്കുള്ള പ്രവേശനവും വൺവേയായിരിക്കും.
നിയമപാലനത്തിനായി പൊലീസ് വകുപ്പുമായി ചേർന്ന് ഒരുക്കങ്ങൾ നടത്തി. പ്രശ്നങ്ങൾ ഒഴിവാക്കാൻ യൂണിഫോമിലല്ലാത്ത പൊലീസ് വിഭാഗങ്ങൾ കലോത്സവ നഗരിയിലുണ്ടാകും. എൻസിസി, എസ്പിസി, വിദ്യാർഥികളുടെ സേവനവും ലഭ്യമാക്കും. ആരോഗ്യസുരക്ഷക്കായി ബിഇഎംഎൽപി സ്കൂളിൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭിക്കും. ആംബുലൻസ് സേവനവും ലഭിക്കും.
നാടിനെ അറിയാം
കലോത്സവ വിവരങ്ങളും
പയ്യന്നൂർ
ടി ഐ മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്‌റ്റെപ്‌സിന്റെ നേതൃത്വത്തിൽ പ്രവേശന കവാടത്തിൽ ഇൻഫർമേഷൻ ഹെൽപ്പ് ഡസ്‌ക് ഒരുങ്ങി. കലോത്സവ വേദികൾ, പാർക്കിങ് സൗകര്യങ്ങൾ, പവലിയനുകൾ, പ്രാഥമികാരോഗ്യ സംവിധാനങ്ങൾ, ഭക്ഷണ കേന്ദ്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറും. കലോത്സവ വേദികൾക്ക് ചുറ്റുപാടുമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ചും വിനോദസഞ്ചാര സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഹെൽപ്പ് ഡസ്‌കിൽ ലഭിക്കും.
മലബാറിലെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ സുപ്രധാന സംഭവങ്ങൾ ഒരുക്കിയ ഗാന്ധി സ്മൃതി മ്യൂസിയം, നവോത്ഥാന നായകൻ സ്വാമി ആനന്ദതീർഥൻ നിർമിച്ച ശ്രീനാരായണ വിദ്യാലയം, ഗാന്ധിജി നട്ട ഗാന്ധിമാവ്, ഗാന്ധി പാർക്ക്, ഉപ്പുസത്യാഗ്രഹം നടന്ന ഉളിയത്ത് കടവ്, ക്വിറ്റിന്ത്യ സമര സ്മാരകം, കവ്വായിക്കായൽ, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവയിലേക്കുള്ള വഴികളും പ്രധാന വിവരങ്ങളും ഇൻഫർമേഷൻ കൗണ്ടറിൽ ലഭ്യമാണ്. പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് കൗണ്ടറിൽനിന്ന് വിവരങ്ങൾ നൽകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..