19 November Tuesday

സാമ്പത്തിക ഉപരോധത്തിലൂടെ കേന്ദ്രം 
കേരളത്തിന്റെ വളർച്ച തടയുന്നു: തോമസ്‌ ഐസക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Nov 19, 2024

സിപിഐ എം ചാല ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്ക്‌ ഉദ്ഘാടനം ചെയ്യുന്നു

ചാല
പറ്റാവുന്ന രീതിയിലെല്ലാം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തിന്റെ വളർച്ച തടയുകയാണ്‌ കേന്ദ്ര ലക്ഷ്യമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്ക്‌ പറഞ്ഞു. സിപിഐ എം ചാല ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ (പുത്തരിക്കണ്ടം മൈതാനം) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കുന്ന സഹായം പോലും വയനാട്‌ ദുരന്തത്തിൽ തന്നില്ല. തീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും ചെയ്‌തില്ല. ഇതിനെതിരെ പ്രക്ഷോഭം ഉയരണം. പാവപ്പെട്ടവരെ സഹായിക്കുകയും വർഗീയതയെ പുറത്തുനിർത്തുകയും ചെയ്യുന്നതിനാലാണ്‌ കേന്ദ്രത്തിന്‌ കേരളത്തോട്‌ വിരോധം. 
മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കേരളം മാതൃകയാണ്‌. രാജ്യത്ത്‌ മറ്റെവിടെയെങ്കിലും 1600 രൂപ പെൻഷൻ നൽകുന്നുണ്ടോ? ഇതിൽ 100 രൂപയുടെ വർധന മാത്രമാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നടന്നത്‌. കാശുണ്ടെങ്കിൽ അത്‌ കൊടുക്കാനുള്ള മനസ്സ്‌ ഇടതുപക്ഷത്തിനുണ്ട്‌. കോൺഗ്രസിന്‌ അതില്ല. മത്സ്യത്തൊഴിലാളികൾക്കായി നിരവധി പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിന്‌ മാസങ്ങൾ സമരം ചെയ്‌ത പാർടിയാണ്‌ സിപിഐ എം. കേരളത്തിലെ സ്‌കൂളുകൾ അടിമുടി മാറി. പാവങ്ങൾക്ക്‌ കൊടുക്കാനുള്ളത്‌ പാവങ്ങൾക്ക്‌ കൊടുക്കുകയും അതോടൊപ്പം വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും വേണമെന്നാണ്‌ എൽഡിഎഫ്‌ നിലപാടെന്നും തോമസ്‌ ഐസക്ക്‌ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം എസ് എ സുന്ദർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്പലത, കരമന ഹരി, ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, മേയർ എസ് ആര്യ രാജേന്ദ്രൻ, എൻ സുന്ദരംപിള്ള, എസ് സലീം, സി എസ് സജാദ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ ബഹുജന റാലിയും റെഡ്‌ വളന്റിയർ മാർച്ചും നടന്നു. ചെങ്കൊടി കൈയിലേന്തി മുദ്രാവാക്യങ്ങളുയർത്തി ആയിരങ്ങൾ അണിനിരന്ന റാലി ആവേശക്കടൽ തീർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top