19 December Thursday

ബാബുവിന്റെ ആത്മഹത്യ 
അന്വേഷിക്കണമെന്ന്‌ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024
കാർത്തികപ്പള്ളി 
മോഷണ ആരോപണത്തെ തുടർന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന്‌ ബന്ധുക്കൾ.  മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണം. ഭാര്യ ജില്ല പൊലീസ് സൂപ്രണ്ടിന്  ഉൾപ്പടെ പരാതി നൽകിയിരുന്നു. 
 തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് വീട്ടിൽ ബാബുവാണ് നവംബർ 11ന്  തൂങ്ങിമരിച്ചത്. സമീപവാസിയായ വീട്ടമ്മയുടെ അഞ്ച് ഗ്രാം വള മോഷ്‌ടിച്ചെന്ന്‌  ആരോപിച്ച്‌  തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.  ബാബുവിനെ കള്ളനാക്കി ചിത്രീകരിച്ച്‌ നാട്ടിലാകെ പ്രചരിപ്പിച്ചെന്ന്‌ ഭാര്യ യദുല പരാതിയിൽ ആരോപിക്കുന്നു. അപമാനഭാരത്താൽ മനംനൊന്താണ്  വീട്ടുവളപ്പിലെ മാവിൽ തൂങ്ങിമരിച്ചത്‌. ‘രണ്ട് മക്കളാണേ സത്യം ഞാൻ ആരുടെയും ഒന്നും എടുത്തിട്ടില്ലെന്നും എന്തിനാണ്  അപമാനിച്ചതെന്നും’ എഴുതിവച്ചാണ് ബാബു ആത്മഹത്യചെയ്തത്. 
മേസ്തിരിപ്പണിചെയ്ത്‌ കുടുംബം പോറ്റിയിരുന്ന ഭർത്താവിനെ അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നാണ്‌ യദുലയുടെ  ആവശ്യം. ബാബു എഴുതിയ ആത്മഹത്യകുറിപ്പിലെ വിഷയങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. ഭാര്യ യദുല, ബന്ധുക്കളായ സുഖദേവ്, പ്രസന്ന, കൃഷ്ണമ്മ, ബിജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top