19 December Thursday
കേരളവിരുദ്ധ നീക്കങ്ങൾക്കെതിരെ അധ്യാപകരുടെ രാജ്‌ഭവൻ മാർച്ച്‌

ഗവർണർ വിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള 
വളന്റിയറായി: ടി പി രാമകൃഷ്‌ണൻ

സ്വന്തം ലേഖകൻUpdated: Thursday Dec 19, 2024

ആലപ്പുഴ ഹെഡ് പോസ്‍‍റ്റ് ഓഫീസിന് മുന്നിൽ കെഎസ്ടിഎ സംഘടിപ്പിച്ച മാർച്ചും ധർണയും 
പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ പരിശ്രമിക്കുമ്പോൾ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ വളന്റിയറായി ഗവർണർ മാറിയെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ. കെഎസ്‌ടിഎ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എട്ടരവർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കി. സർക്കാരിന്റെ ഇച്ഛാശക്തിയുള്ള ഇടപെടലാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. കേരളം നേടിയ നല്ല കാര്യങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ കേന്ദ്രം നടത്തുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ എസ്‌എസ്‌കെയ്‌ക്ക്‌ അർഹമായ വിഹിതം വെട്ടിക്കുറച്ചത്‌. ഇതിന്റെയെല്ലാം ചുമതലക്കാരനായി ഗവർണർ മാറി. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരായ നാടിന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ്‌ കഴിഞ്ഞ ദിവസം കേരള സർവകലാശാലയിൽ വിദ്യാർഥികൾ പ്രകടിപ്പിച്ചത്‌. സർവകലാശാല സിൻഡിക്കറ്റ്‌ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ മാത്രമാക്കി മാറ്റാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇത്‌ ഭാവിസമൂഹത്തെ ഗുരുതരമായി ബാധിക്കും. ഇതിൽനിന്ന്‌ നമ്മുടെ കുട്ടികളെ രക്ഷിക്കണം. 
വയനാട്ടിലുണ്ടായ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻപോലും കേന്ദ്രം തയ്യാറാകുന്നില്ല. രക്ഷാപ്രവർത്തനത്തിനുപോലും കേന്ദ്രം കണക്കുപറഞ്ഞ്‌ പണം വാങ്ങുകയാണ്‌.  കേരളത്തിന്‌ വേണ്ടി ഒരുമിച്ച്‌ ശബ്ദമുയർത്താൻ പ്രതിപക്ഷത്തിന്‌ സാധിക്കുന്നില്ലെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ നടന്ന മാർച്ചിൽ നൂറുകണക്കിന്‌ അധ്യാപകർ പങ്കാളികളായി. സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ബദറുന്നീസ, സെക്രട്ടറി എ നജീബ്‌, വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ പ്രശാന്ത്‌, എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ പി വി രാജേഷ്‌, പി സുജുമേരി, ജില്ലാ സെക്രട്ടറി സിജോവ്‌ സത്യൻ എന്നിവർ സംസാരിച്ചു.
ആലപ്പുഴ ഹെഡ് പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ കെഎസ്ടിഎ മാർച്ചും ധർണയും   പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ ജൂലി എസ് ബിനു അധ്യക്ഷയായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത, ജില്ലാ ജോയിന്റ് സെക്രട്ടറി ജിജോ ജോസഫ്, വൈസ്‌പ്രസിഡന്റ്‌ പി കെ ഉമാനാഥൻ, ജോയിന്റ് സെക്രട്ടറിമാരായ ആർ സതീഷ് കൃഷ്‌ണ, പി ബിനു, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ കെ ഉല്ലാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top