ആലപ്പുഴ
ഉത്സവനാളുകളിലേക്ക് ചുവടുവയ്ക്കുന്ന ആലപ്പുഴ നഗരവീഥികളെ വിറപ്പിയ്ക്കാൻ പുലികളിറങ്ങും. മുഖംമൂടിയും അരമണിയും ചിലമ്പും തൊപ്പിയുമൊക്കെയണിഞ്ഞ് പൂരക്കാഴ്‌ച പകരാനാണ് പുലികളെത്തുന്നത്. 22ന് കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം മണ്ഡല മഹോത്സവത്തിൽ ആദ്യമായാണ് ആഘോഷം കൊഴുപ്പിക്കാൻ പുലികളി ഒരുക്കിയത്.
മുഹമ്മ മധുവിന്റെ നേതൃത്വത്തിൽ 30 പുലികളും വാദ്യഘോഷങ്ങളുമുണ്ടാകും. ശരീരമാകെ പുള്ളിതൊട്ട് കുടവയറുംകുലുക്കി വരുന്ന പുലികളിൽ കരിമ്പുലിയും കടുവയും വരയൻപുലിയുമുൾപ്പെടെ പലനിറത്തിലുള്ളവ കാഴ്ചക്കാർക്ക് മുന്നിലേക്ക് ഇറങ്ങും.
തൃശൂരിൽനിന്ന് വനിതകൾ ഉൾപ്പെടെയാണ് പുലികളി സംഘം എത്തുക. ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ വൈകിട്ട് 5.30ന് തുടങ്ങുന്ന പുലികളി കിടങ്ങാംപറമ്പ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. ചെണ്ടമേളത്തിൽ ചുവടുവച്ച് തലയാട്ടി താളംപിടിച്ച്, കുംഭകുലുക്കി വരുന്ന പുലികളുടെ വരവും കാത്തിരിക്കുകയാണ് ആലപ്പുഴക്കാർ.
ദീപക്കാഴ്‌ച 24ന്
ഗുരുകൃപ മൈക്രോഫിനാൻസിന്റെ നേതൃത്വത്തിൽ കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രസന്നിധി മുതൽ കോർത്തശ്ശേരി കുരിശ്ശടി വരെ ദീപകാഴ്‌ച സംഘടിപ്പിക്കും. 24ന് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. കിഴക്കേ ജുമാഅത്ത് മസ്‌താൻപള്ളി പ്രസിഡന്റ് അഡ്വ. കെ നജീബ്, തത്തംപള്ളി പള്ളി വികാരി ഫാ. ഡോ. ജോസഫ് പുതുപറമ്പിൽ എന്നിവർ ചേർന്ന് ആദ്യദീപം തെളിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..