20 December Friday

നീലേശ്വരം താലൂക്ക്: വീണ്ടും പ്രതീക്ഷയേറുന്നു

സുരേഷ് മടിക്കൈUpdated: Friday Dec 20, 2024

നീലേശ്വരം നഗരത്തിലെ തെരു റോഡ് ജങ്ഷൻ

നീലേശ്വരം
നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് എന്ന സ്വപ്‌നത്തിന്‌ വീണ്ടും പ്രതീക്ഷ വർധിക്കുന്നു. താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർടികളുടെ അഭിപ്രായം തേടാൻ സർക്കാർ കലക്ടർക്ക്‌ നിർദേശം നൽകി. ഇതേ തുടർന്ന്‌  അഭിപ്രായം സ്വരൂപിക്കാൻ കലക്ടർ ഹൊസ്ദുർഗ് തഹസിൽദാർക്ക്  നിർദ്ദേശം നൽകിയിട്ടുണ്ട്‌. അടുത്ത് നടക്കുന്ന ഹൊസ്‌ദുർഗ്‌ താലൂക്ക് വികസന സമിതി യോഗത്തിൽ  വിഷയം ചർച്ച ചെയ്യാൻ അജണ്ടയിൽ ഉൾപ്പെടുത്തിയേക്കും. 
പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യം. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ്സിന്റെ  മണ്ഡലമാണ്‌ നീലേശ്വരം. ആദ്യ മന്ത്രിസഭയുടെ കാലത്തുതന്നെ  താലൂക്ക്  രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ  കമീഷനെ നിയമിച്ചിരുന്നു. ജില്ലാ രൂപീകരണവേളയിലും താലൂക്ക്‌ ആവശ്യം ഉയരുകയും സർക്കാർ അനുകൂല നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തിരുന്നു. എങ്കിലും നടപ്പായില്ല. ജില്ല രൂപീകരിച്ചപ്പോൾ കാസർകോട്, ഹൊസ്ദുർഗ്  താലൂക്കുകൾ മാത്രമായിരുന്നു.  പിന്നീടാണ്‌ മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് നിലവിൽവന്നത്‌. 
നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നിർദേശിച്ച്‌ നാല്‌ കമീഷനുകള്‍ സർക്കാരിന് റിപ്പോര്‍ട്ട്  നൽകിയെങ്കിലും പ്രാവർത്തികമായില്ല.  ഇപ്പോൾ താലൂക്ക് രൂപീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടാൻ സർക്കാർ നിർദ്ദേശിച്ചത് ജനങ്ങൾക്ക് വീണ്ടും പ്രതീക്ഷ നൽകിയിട്ടുണ്ട്. ഹൊസ്‌ദുർഗ്‌ താലൂക്കിൽ ഉൾപ്പെട്ട നീലേശ്വരം നഗരസഭയും സമീപ പഞ്ചായത്തുകളുമാണ്‌ പുതിയ താലൂക്കിൽ ഉൾപ്പെടുക.
സർക്കാർ നടപടി അഭിനന്ദനീയം
ഏറെക്കാലമായുള്ള ആവശ്യമാണ് നീലേശ്വരം താലൂക്ക് വേണമെന്നത്‌. വിവിധ കമീഷനുകളും ഇതിന്‌ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പല കാരണങ്ങളാൽ അത് നീണ്ടുപോയി. ഇപ്പോൾ എൽഡിഎഫ്‌ സർക്കാർ അനുകൂല സമീപനമാണ് സ്വീകരിച്ചത്‌.  രാഷ്‌ട്രീയ പാർടികളുടെ അഭിപ്രായം തേടാനാണ് ഇപ്പോൾ നിർദേശിച്ചത്‌. എല്ലാവരും അവരവരുടെ അഭിപ്രായം പറയുന്ന മുറക്ക് സിപിഐ എമ്മും നിലപാട് അറിയിക്കും.
എം രാജൻ, സിപിഐ എം നീലേശ്വരം ഏരിയാ സെക്രട്ടറി
വികസനമുന്നേറ്റത്തിന് വേഗംകൂടും
സംസ്ഥാനത്തെ നഗരസഭ ഓഫീസുകളിൽ ഏറ്റവും വലിപ്പമുള്ളതും  സൗകര്യപ്രദവുമായ  കെട്ടിടമുള്ളത്‌ നീലേശ്വരത്താണ്‌. പുതിയ ബസ്‌സ്റ്റാൻഡും കച്ചേരിക്കടവ് പാലവും അതിവേഗം നിർമാണം പുരോഗമിക്കുമ്പോൾ താലൂക്ക്  കൂടി യാഥാർഥ്യമായാൽ നീലേശ്വരത്തിന്റെ വികസനമുന്നേറ്റത്തിന് വേഗംകൂടും. നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ നിർമാണംകൂടി ആരംഭിച്ചാൽ സൗകര്യമില്ലാത്തതിന്റെ പേരിൽ നീലേശ്വരത്തിന് നഷ്ടമായ സർക്കാർ സ്ഥാപനങ്ങൾ ഇവിടേക്ക്‌ കൊണ്ടുവരാനാവും.
ഷംസുദ്ദീൻ അറിഞ്ചിറ, ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡന്റ്‌
നടപടി വേഗത്തിലാക്കണം
നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനുമേൽ സർക്കാർ അനുകൂല നിലപാട് കൈക്കൊണ്ടത് നീലേശ്വരത്തിന്റെ വികസനത്തിന് വേഗം കൂട്ടും. ഇക്കാര്യത്തിൽ റവന്യൂ അധികൃതർ വേഗത്തിൽ നടപടിക്രമം പൂർത്തീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണം.
കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കോൺഗ്രസ് എസ് നേതാവ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top