26 December Thursday
പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന്‌

മേൽപ്പാലങ്ങൾ പൊതുഇടങ്ങളാകും

സ്വന്തം ലേഖകൻUpdated: Saturday Jul 20, 2024

കൊല്ലം

മേൽപ്പാലങ്ങൾക്ക് അടിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ സൗന്ദര്യവൽക്കരിച്ച് പൊതുഇടങ്ങളായി മാറ്റുന്ന നവീന പദ്ധതിക്ക് സംസ്ഥാനത്ത്‌ ശനിയാഴ്ച തുടക്കം. സംസ്ഥാന ടൂറിസം വകുപ്പാണ്‌ പദ്ധതി നടപ്പാക്കുക. ഇന്ത്യയിൽ ആദ്യമായി തനതായി രൂപകൽപ്പന നയം വികസിപ്പിച്ചെടുത്ത സംസ്ഥാനമാണ്‌ കേരളം. തനത് രൂപകൽപ്പന നയത്തിന്റെ ഭാഗമായി നടത്തുന്ന ആദ്യ ചുവടുവയ്പാണ് പദ്ധതി. ഇത്തരത്തിൽ സൗന്ദര്യവൽക്കരിക്കപ്പെടുന്ന ആദ്യ കേന്ദ്രമായി കൊല്ലം എസ് എൻ കോളേജിനു സമീപത്തെ റെയിൽവേ മേൽപ്പാലം മാറും. പൊലീസ് കമീഷണർ ഓഫീസ് ജങ്‌ഷൻ റെയിൽവേ മേൽപ്പാലത്തിന്റെ അടിഭാഗമാണ്‌ ജനസൗഹൃദ പൊതുഇടമായി വികസിപ്പിക്കുന്നത്‌. ഇരവിപുരം മണ്ഡലത്തിൽ നടപ്പാക്കുന്ന പൈലറ്റ് പ്രോജക്ട്‌ പകൽ 11.30ന് കൊല്ലം നെഹ്‌റു പാർക്കിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. എം നൗഷാദ് എംഎൽഎ അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവർ മുഖ്യാതിഥികളാകും.  
മേൽപ്പാലത്തിന്റെ അടിയിൽ ഉപയോഗിക്കാതെ കിടക്കുന്ന 70 സെന്റ് ഭൂമി കുട്ടികൾക്കും ചെറുപ്പക്കാർക്കും വയോജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ  മാതൃകാ പൊതുഇടമായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ രണ്ടുകോടി രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (കെടിഐഎൽ) ആണ് രൂപകൽപ്പനയും മേൽനോട്ടവും. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് പ്രോജക്ട്‌ മാനേജ്മെന്റ് കൺസൾട്ടന്റ്. കൊല്ലം കോർപറേഷൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, അനുബന്ധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സമിതിയായിരിക്കും പാർക്കിന്റെ തുടർപരിപാലനവും സംരക്ഷണവും നിർവഹിക്കുക. ഓപ്പൺ ജിം, നടപ്പാതകൾ, സ്ട്രീറ്റ് ഫർണിച്ചറുകൾ, ലഘുഭക്ഷണ കിയോസ്കുകൾ, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, ചെസ്‌ ബ്ലോക്ക്‌, യോഗ മെഡിറ്റേഷൻ സോൺ, സ്കേറ്റിങ് ഏരിയ എന്നിവയാണ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിക്കുന്നത്. ടൂറിസം വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ പടിയായ പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയിൽ നവീന മാതൃകയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top