20 December Friday
ഡെങ്കിപ്പനി: ജാഗ്രതയോടെ ആരോഗ്യവകുപ്പ്‌

പ്രതിരോധം ഊര്‍ജിതം

സ്വന്തം ലേഖകൻUpdated: Saturday Jul 20, 2024
കൊല്ലം
ഡെങ്കിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്‌. ജനുവരിയിൽ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കലക്ടറുടെ അധ്യക്ഷതയിൽ ഏകോപനയോഗവും ചേർന്നിരുന്നു. പകർച്ചവ്യാധി പ്രതിരോധത്തിനായി ഏപ്രിൽ 30ന് പ്രത്യേക ആക്ഷൻപ്ലാനും തയ്യാറാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മെയ് 10ന് പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കുകയും വാർഡ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജില്ലാതല റിപ്പോർട്ട് സെക്രട്ടറിമാർക്ക് നൽകുകയുംചെയ്തു. അതിനിടെ പനി ബാധിച്ച് വെള്ളിയാഴ്ച ജില്ലയിൽ ഒരാൾ മരിച്ചു. ചടയമംഗലം ചെറുവക്കൽ ഊതുങ്കൽ അഞ്ജനാഭവനിൽ അർച്ചന (14) യാണ്‌ മരിച്ചത്. ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌. ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുൻസ എന്നിവയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളിൽ പ്രധാനപ്പെട്ടവ.
ഫെബ്രുവരി മുതൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക ആക്ഷൻപ്ലാൻ രൂപീകരിച്ച് ഡ്രൈ കണ്ടെയ്‌നർ എലിമിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാനിറ്റേഷൻ കമ്മിറ്റികൾ, ഇന്റർസെക്ടർ മീറ്റിങ്‌ എന്നിവവഴി എല്ലാ വാർഡിലും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്താനുള്ള വെക്റ്റർ സ്റ്റഡി അനാലിസിസ് എല്ലാ തിങ്കളാഴ്ചയും നടത്തിവരുന്നു. ഈ റിപ്പോർട്ട് അനുസരിച്ചാണ് ഇൻഡക്‌സ് കൂടുതലുള്ള സ്ഥലങ്ങളിൽ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിൽ നിന്നുള്ള കൊതുക് നശീകരണ പ്രവർത്തങ്ങൾ നടത്തുന്നത്‌. ഹോട്ട്സ്‌പോട്ട് പ്രദേശങ്ങളിൽ പ്രത്യേക ആക്‌ഷൻപ്ലാൻ രൂപീകരിച്ചാണ്‌ പ്രവർത്തനങ്ങൾ നടത്തുന്നത്‌. പോരുവഴി, ഉളിയക്കോവിൽ, ശക്തികുളങ്ങര, ശൂരനാട്, ഏരൂർ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top