പാലക്കാട്
നഗരത്തിൽ ശനിയാഴ്‌ച മുതൽ ബീഫിന്റെ വില 400 രൂപയാകും. ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന കന്നുകാലികളുടെ എണ്ണത്തിലുള്ള കുറവും കടത്തുകൂലിയുടെ വർധനയും കന്നുകാലികളുടെ വില കുതിച്ചുയർന്നതും ഇറച്ചി വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് വില ഉയർത്തിയതെന്ന് കേരള സ്‌റ്റേറ്റ് മീറ്റ് ആൻഡ് ക്യാറ്റിൽ മർച്ചന്റ്‌സ് അസോസിയേഷൻ (കെഎസ്‌എംസിഎംഎ) വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിൽ രണ്ടുമാസം മുമ്പേ വില 400 രൂപയായി ഉയർത്തിയിരുന്നു. അയൽജില്ലയായ തൃശൂരിൽ 420 ആണ് വില. നല്ല കന്ന് കിട്ടണമെങ്കിൽ ഉയർന്ന വില നൽകേണ്ടതുണ്ട്. നിലവിലെ വില 360 രൂപയായിരുന്നു. ഈ വിലയ്‌ക്ക് കച്ചവടം നടത്തിയാൽ വലിയ സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്നതിനാലാണ് വില ഉയർത്തിയത്. രാജ്യത്ത് 1400 ടൺ ബീഫ് മാസം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതി വർധിച്ചതോടെയാണ് സംസ്ഥാനത്തേക്ക് കന്നുകാലികളുടെ വരവ് കുറഞ്ഞത്. തമിഴ്‌നാട്ടിൽനിന്നടക്കം ചത്ത കന്നുകാലികളെ എത്തിച്ച് മാംസം ഇവിടെ അനധികൃതമായി വിൽപ്പന നടത്തുന്നുണ്ട്. ഇവയ്‌ക്ക് വില കുറവുമാണ്. ഇതിനെതിരെ നഗരസഭ, ആരോഗ്യവകുപ്പ് എന്നിവർക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. കെ എച്ച് കമാലുദീൻ, എ ഉബൈദ്, എച്ച് ഷാഹുൽ ഹമീദ്, എ ഗുലാം റസൂൽ, എം ജലീൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..