06 November Wednesday

പ്രതിനിധികളെത്തി; താമസം വീടുകളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്‌ എത്തിയ പ്രതിനിധികൾ സമ്മേളന നഗരിയിൽനിന്ന്‌ തിങ്കളാഴ്ച രാത്രി
സമീപ വീടുകളിലേക്ക്‌ താമസത്തിനായി പുറപ്പെടുന്നു

കൊടക്കാട്‌
കെഎസ്‌കെടിയു നേതാക്കളടക്കമുള്ള സംസ്ഥാന സമ്മേളന പ്രതിനിധികൾ കൊടക്കാട്‌ എത്തി. തിങ്കൾ ഉച്ചയോടെ എത്തിയ പ്രതിനിധികൾ വൈകിട്ട്‌ ഭക്ഷണ ശേഷം നിശ്‌ചയിച്ച അതത്‌ വീടുകളിലേക്ക്‌ താമസത്തിനായി പോയി. സംഘാടകർ ഇതിനായി പ്രത്യേക വാഹനങ്ങൾ ഏർപ്പാടാക്കി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, ജോയിന്റ്‌ സെക്രട്ടറി വിക്രം സിങ്‌, തമിഴ്‌നാട്‌ സംസ്ഥാന സക്രട്ടറി അമൃത ലിംഗം എന്നിവരും തിങ്കൾ രാത്രിയോടെ  എത്തി.  512 പ്രതിനിധികൾക്കും മൂന്നുദിവസം താമസ സൗകര്യം ഒരുക്കിയിത് പ്രദേശത്തെ 260 വീടുകളിലാണ്.
വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ എല്ലാവിധ ആഡംബരവും ഒഴിവാക്കിയാണ്‌ സമ്മേളനം.  ഹോട്ടലുകളിൽ താമസിക്കുന്ന ചെലവ്‌ പൂർണമായും ഒഴിവാകും. സമ്മേളനത്തിന്റെ സമാപന ദിവസം എല്ലാ വീടുകളിലും പ്രതിനിധികൾ ഓർമമരം നടും.  യൂണിറ്റുകളുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തിൽ ലളിതവും അതേസമയം, വിപുലവുമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിയത്‌. 
സമ്മേളന ചെലവിലേക്കുള്ള ഫണ്ട്‌ ജില്ലയിലെ സംഘടനാ കമ്മിറ്റികളിൽ നിന്നുമാണ് ശേഖരിച്ചത്. 50, 100 എന്നിങ്ങനെ വളരെ ചെറിയ രീതിയിലുള്ള ഫണ്ടാണ്‌ സ്വീകരിച്ചത്‌. കഴിഞ്ഞ ഒമ്പതിന്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നേതാക്കൾ ഫണ്ട്‌ ഏറ്റുവാങ്ങി.
 
കർഷക പോരാട്ട തുടിപ്പുണ്ട്‌ 
ഈ കൊടിമരത്തിൽ
കൊടക്കാട്‌
സമ്മേളന നഗരിയിൽ ചരിത്രം ഓർമിപ്പിച്ച്‌ കൊടിമരം.  കെഎസ്‌കെടിയു സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്ന കൊടിമരം കർഷക സമര പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളും ഓർമിപ്പിക്കുക. കയ്യൂർ, കരിവെള്ളൂർ രക്തസാക്ഷി മണ്ഡപങ്ങളും ഇതിൽ ആലേഖനം ചെയ്‌തിട്ടുണ്ട്‌. കാർഷിക വിളകൾ കൊണ്ടാണ്‌ കൊടിമരത്തിന്റെ താഴെഭാഗം മനോഹരമാക്കിയത്‌. ചെറിയ അടക്കയും അടക്കാത്തോടും നെല്ലും ഉപയോഗിച്ചാണ്‌  ഒരുക്കിയത്‌. 20 അടി നീളത്തിലാണ്‌ ഇത്‌. 
കവുങ്ങിന്‌ മുകളിൽ പ്ലൈവുഡ് ചേർത്ത്‌ വച്ച്‌ ചതുരാകൃതിയിലാണ്‌  കെടിമരം ഒരുക്കിയത്‌. ചിത്രങ്ങളിലൂടെ കർഷക പോരാട്ടങ്ങളും രക്തസാക്ഷി മണ്ഡപവും അടിച്ചമർത്തപ്പെട്ടവന്റെയും രക്തസാക്ഷികളുടെയും ഉയിർത്തെഴുന്നേൽപ്പിനെ അനുസ്‌മരിപ്പിക്കുന്ന ഉയർന്നു വരുന്ന കൈകളും ഒരുക്കിയിട്ടുണ്ട്‌. പ്രകാശൻ വെള്ളച്ചാലാണ്‌  കൊടിമരം രൂപകൽപന ചെയ്‌ത്‌ നിർമിച്ചത്‌. 
 
സമ്മേളനത്തിൽ ഇന്ന്‌ 
രാവിലെ 7.30: കയ്യൂർ രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപത്തിൽനിന്നും പതാകജാഥ. സിപിഐ എം  മുൻ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, കെ വി കുഞ്ഞിരാമന് പതാക കൈമാറും. 
രാവിലെ 8ന്‌: അത്‌ലറ്റുകൾ റിലേയായി പതാക കൊണ്ടുപോകും.
രാവിലെ 9 വരെ: കയ്യൂർ, മുഴക്കോം, ചെറുവത്തൂർ എന്നിവിടങ്ങളിൽ പതാകജാഥക്ക്‌ സ്വീകരണം.
9.30 ന് കൊടക്കാട്‌ സമ്മേളന നഗരിയിൽ പതാകജാഥ. സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ പതാക ഉയർത്തും 
10 ന്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം: അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവൻ
11ന്‌:  പ്രവർത്തന റിപ്പോർട്ട്‌ അവതരണം: സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ.
തുടർന്ന്‌: ഗ്രൂപ്പ് ചർച്ച.
വൈകിട്ട്‌ 4.30ന്‌ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ; തുടർന്ന്‌ പുഷ്‌പാർച്ചന
5ന്‌:  കയ്യൂർ രക്തസാക്ഷി സ്മാരക ഹാളിൽ രക്തസാക്ഷി സ്മൃതി സംഗമം. ഉദ്‌ഘാടനം: അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ എം വി ഗോവിന്ദൻ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top