03 November Sunday

കണക്ക്‌ മാത്രമല്ല, ഈ അധ്യാപകൻ 
കൃഷിയും പഠിപ്പിക്കും

പി ആർ രാജീവ്Updated: Tuesday Aug 20, 2024

നോബി ഡൊമിനിക്കും കുട്ടികളും സ്കൂൾവളപ്പിലെ കൃഷിയിടത്തിൽ

പാലാ
സെന്റ്‌ തോമസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മുറ്റമാകെ വിവിധയിനം ജൈവ പച്ചക്കറികളാലും ബന്തി പൂക്കളാലും സമൃദ്ധം.  അതേ... നോബി സാറും കുട്ടികളും ചേർന്ന് സ്കൂൾ വളപ്പിൽ കാർഷിക ഉദ്യാനം തീർത്തിരിക്കുകയാണ്‌.        
    കൃഷി ജീവിതചര്യയാക്കിയ  യുവ അധ്യാപകൻ നോബി ഡൊമിനിക്കാണ് സ്കൂൾവളപ്പിൽ ജൈവപച്ചക്കറി കൃഷിയിൽ പുതുപാഠം രചിച്ചത്.   ഹയർസെക്കൻഡറി വിഭാഗം ഗണിതശാസ്ത്ര അധ്യാപകനാണ്‌ ഇദ്ദേഹം 
 തക്കാളി, വെണ്ട, വഴുതന, പയർ, പാവൽ, കുക്കുമ്പർ, മുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ നട്ട് പരിപാലിക്കുന്നത്. ഈ വർഷം ബന്തിപ്പൂവ് കൃഷിയും ആരംഭിച്ചു. സ്കൂ‌ളിലെ കർഷക ക്ലബിനെ നയിക്കുന്നതും നോബിയാണ്. പഠനത്തിന് തടസ്സമാകാതെയാണ് കാർഷിക പരിശീലനം.    ദിവസവും രാവിലെ 8.30ന്  സ്കൂളിലെത്തുന്ന നോബിക്കൊപ്പം കൃഷിയിൽ താൽപര്യമുള്ള കുട്ടികളും ഉണ്ടാവും.  നനയും വളമിടലും പരിപാലനവുമായാണ് ദിവസം ആരംഭിക്കുന്നത്. പച്ചക്കറികൾ ലേലത്തിന് വയ്ക്കുകയാണ് പതിവ്. വിഷരഹിത പച്ചക്കറിയായതിനാൽ ആവശ്യക്കാരും ഏറെ. പച്ചക്കറി വിറ്റ് കിട്ടുന്ന തുക കർഷക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിക്കുന്നു. തീക്കോയി   പഞ്ചായത്തിലെ സമ്മിശ്ര കർഷകനുള്ള ഈ വർഷത്തെ അവാർഡും ഈ അധ്യാപകൻ നേടി. കഴിഞ്ഞ വർഷത്തെ എകെസിസി പാലാ രൂപത കർഷക അവാർഡും ലഭിച്ചു.  പാലാ രൂപതയിൽ ആരംഭിച്ച ‘കുട്ടികളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച കൃഷിത്തോട്ടത്തിനുള്ള ഹയർസെക്കൻഡറി വിഭാഗം അവാർഡ് പാലാ സെന്റ് തോമസ് എച്ച്എസ്എസിന് ലഭിച്ചു.  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫും പിന്തുണയേകി ഒപ്പമുണ്ട്. 
തീക്കോയി മണിമല കാടൻകാവിൽ പരേതനായ കെ എം ഡൊമിനിക്കിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ജോബിമോൻ ഡൊമിനിക്, റോണിയ ഡൊമിനിക് എന്നിവർ സഹോദരങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top