കൊല്ലം
നിക്ഷേപം തട്ടിയെടുക്കാൻ പാപ്പച്ചനെ ക്വട്ടേഷൻ നൽകി വധിച്ച കേസിലെ പ്രതികളായ പ്രതികളായ സരിതയും അനൂപും മറ്റ് അക്കൗണ്ടുകളിലും സാമ്പത്തിക ക്രമക്കേട് നടത്തിയതായി അന്വേഷകസംഘം കണ്ടെത്തി. സ്വകാര്യ ബാങ്കിന്റെ ഓലയിൽ ശാഖയിലെ എട്ട് അക്കൗണ്ടിൽനിന്നായി 60 ലക്ഷം രൂപ ഇരുവരും തട്ടി. പാപ്പച്ചന്റെ 36 ലക്ഷം സ്ഥിരനിക്ഷേപത്തിൽനിന്ന് 25 ലക്ഷം രൂപ വായ്‌പ എടുത്തത് കൂടാതെ മറ്റ് ഏഴ് അക്കൗണ്ടിൽനിന്നുമായി 35 ലക്ഷം രൂപയാണ് തട്ടിയത്. കൂടാതെ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാനായി പാപ്പച്ചനിൽനിന്ന് വാങ്ങിയ 55 ലക്ഷം രൂപയും തട്ടി. ഏകദേശം 1.15കോടി രൂപയുടെ തട്ടിപ്പാണ് സരിത നടത്തിയത്.
പാപ്പച്ചന്റെ അക്കൗണ്ടിൽനിന്ന് വായ്‌പ എടുത്ത 25ലക്ഷം രൂപ സരിത ബാങ്കിൽ തിരിച്ചടച്ചിരുന്നു. കുറച്ചു തുക അനൂപും അടച്ചു. വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാൻ മറ്റു നിക്ഷേപകർക്കു നഷ്ടപ്പെട്ട തുക ബാങ്ക് തിരികെ നൽകി. പണം തിരികെ ലഭിച്ചതിനാൽ നിക്ഷേപകർക്കു പരാതിയില്ല. സ്ഥിരനിക്ഷേപത്തിന്മേൽ വായ്‌പ എടുത്തതിനു പുറമെ, സ്ഥിരമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലും ക്രമക്കേട് നടത്തി.
ഇൻസെന്റീവും കൂടുതൽ പലിശയും വാഗ്ദാനംചെയ്താണ് പാപ്പച്ചന്റെ പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന 55 ലക്ഷം രൂപയും തട്ടിയത്. പണം നിക്ഷേപിച്ചതായി വ്യാജരസീതും നൽകി. വാഗ്ദാനം ചെയ്ത പലിശ ലഭിക്കാതിരുന്നതിനെ തുടർന്ന് ബാങ്കിലെത്തി ചോദ്യം ചെയ്തതോടെയാണ് പാപ്പച്ചനെ സൈക്കിൾയാത്രക്കിടെ കാറിടിച്ചു കൊലപ്പെടുത്തിയത്.
പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
കൊല്ലം
സ്വകാര്യ ബാങ്കിലെ നിക്ഷേപം തട്ടിയെടുക്കാൻ ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ സി പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ. 12 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ തിങ്കൾ വൈകിട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.
കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ചേരിയിൽ എഫ്എഫ്ആർഎ നഗർ 12 അനിമോൻ മൻസിലിൽ (പുതുവൽ പുരയിടം) അനിമോൻ (44), കൊല്ലം ഈസ്റ്റ് ആശ്രാമം ചേരിയിൽ ശാസ്ത്രിനഗർ പോളച്ചിറ പടിഞ്ഞാറ്റതിൽ മാഹിൻ (45), സ്വകാര്യ ബാങ്ക് ഓലയിൽ ശാഖാ മാനേജർ തേവള്ളി ചേരിയിൽ ഓലയിൽ കാവിൽ വീട്ടിൽ വാടയ്ക്കു താമസിച്ചിരുന്ന സരിത (46), ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ കണ്ടന പിറവൂർ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെ പി അനൂപ് (37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അനിമോൻ, മാഹിൻ, അനൂപ് എന്നിവരെ കൊല്ലം ജില്ലാജയിലിലും സരിതയെ കൊട്ടാരക്കര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. അഞ്ചാംപ്രതി പോളയത്തോട് ശാന്തിനഗർ കോളനി 33 സൽമ മൻസിൽ ഹാഷിഫിന്റെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡി നേരത്തെ അവസാനിച്ചിരുന്നു. ഇയാളും കൊല്ലം ജില്ലാ ജയിലിലാണ്.
തെളിവെടുപ്പും രേഖകൾ കണ്ടെത്തലും പരിശോധനകളുമെല്ലാം പൂർത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം ഈസ്റ്റ് എസ്എച്ച്ഒ എൽ അനിൽകുമാർ പറഞ്ഞു.
സ്വകാര്യ ബാങ്കിലെ നിക്ഷേപം തിരിമറി നടത്തിയതിന് ചോദ്യംചെയ്ത പാപ്പച്ചനെ മെയ് 23നാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..