അഞ്ചൽ
ഇൻസ്റ്റഗ്രാമിലൂടെ വിവാഹിതരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തിവന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് -അണ്ടൂർകോണം സ്വദേശിയായ മിഥുൻഷാ (29, നൗഫൽ)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആർമി എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആർമി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് യുവാവിന്റെ തട്ടിപ്പ്.
അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിവാഹിതയായ സ്ത്രീയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് 3,80,000രൂപയും നാലുപവൻ സ്വർണവും തട്ടിയെടുത്ത കേസിലാണ് മിഥുൻഷായെ അറസ്റ്റ്ചെയ്തത്. ഒന്നരവർഷം മുമ്പ് അഞ്ചലിൽ വിവാഹിതയായ മറ്റൊരു സ്ത്രീയുമായി സൗഹൃദം നടിച്ചു ഒരുമാസം നാടുവിട്ട് ഒപ്പം താമസിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിലും മിഥുൻഷാ പ്രതിയായിരുന്നു. വിവാഹിതരായ നിരവധി സ്ത്രീകളെ മിഥുൻഷാ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. കുടുംബബന്ധം തകരുമെന്ന കാരണത്താലാണ് പല സ്ത്രീകളും പരാതിയുമായി രംഗത്ത് വരാത്തതെന്നും പൊലീസ് പറയുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുള്ള മിഥുൻഷാ ചിതറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതികൂടിയാണ്. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തെന്നറിഞ്ഞ മിഥുൻഷാ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് അഞ്ചൽ സിഐ ഹരീഷ്, എസ്ഐ പ്രജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സാബു, വിഷ്ണു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..