27 December Friday

ചീമേനിയിൽ ഒരുങ്ങുന്നു ആധുനിക മൈതാനം

പി വിജിൻദാസ്‌Updated: Friday Sep 20, 2024

ആധുനികവൽക്കരിക്കുന്ന ചീമേനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം

ചീമേനി
കായിക താരങ്ങൾക്കായി ചീമേനിയിൽ അത്യാധുനിക മൈതാനം ഒരുങ്ങും. സംസ്ഥാന കായിക വകുപ്പിന്റെയും എം രാജഗോപാലൻ എംഎൽഎയുടെയും വികസന ഫണ്ടും ഉപയോഗിച്ചാണ്‌ ചീമേനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ നിലവിലെ മൈതാനം ആധുനികവൽക്കരിക്കുക. ഒരു പഞ്ചായത്തിന്‌ ഒരു കളിക്കളം എന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌  മൈതാനം നിർമിക്കുന്നത്‌. 
കായിക വകുപ്പിന്റെ 50 ലക്ഷം, എം രാജഗോപാലൻ എംഎൽഎയുടെ ഫണ്ട്‌ 50 ലക്ഷം എന്നിവ ചേർത്ത്‌ ഒരു കോടി രൂപ ചിലവഴിച്ചാണ്‌ നിർമാണം. മൈതാന നിർമാണ പ്രവൃത്തി കഴിഞ്ഞ ദിവസം കായിക വകുപ്പ്‌ മന്ത്രി വി അബ്‌ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തിരുന്നു. ഇതിന്‌ പിന്നാലെ പ്രവൃത്തി പുരോഗമിക്കുകയാണ്‌. 
മൈതാനം വിപുലീകരിച്ച്‌ മഡ്‌ ഫുഡ്‌ബോൾ കോർട്‌, ഫെൻസിങ്, സ്‌റ്റപ്പ്‌ ഗ്യാലറി, ലോങ്‌ജംപ്‌ പിറ്റ്‌ എന്നിവ ഒരുക്കും. മൈതാനം ഒരുങ്ങുന്നതോടെ സ്കൂൾ കോളേജ്‌ കായിക മേളകൾക്കും മറ്റ്‌ മത്സരങ്ങൾക്കും മൈതാനം ഉപയോഗിക്കാൻ സാധിക്കും. 
കായിക മേഖലയ്‌ക്ക്‌ കരുത്താവും
സ്‌കൂളിൽ ആധുനിക മൈതാനം ഒരുങ്ങിയാൽ മലയോര മേഖലയിലുള്ളവരുടെ കായിക ശേഷി വർധിപ്പിക്കാൻ ഏറെ ഉപകാരപ്പെടും. നിരവധി ക്ലബ്ബുകൾ പഞ്ചായത്ത്‌ പരിധിയിൽ ഉണ്ട്‌. ഫുട്‌ബോളും, വോളിബോളുമൊക്കെയാണ്‌ ഇവരുടെ പ്രധാന കായിക വിനോദം.  മൈതാനം യാഥാർഥ്യമാകുന്നതോടെ ഇവർക്കും ഉപയോഗിക്കാൻ സാധിക്കും. 
എം ഗംഗാധരൻ, ചീമേനി ഗവ. ഹയർ സെക്കൻഡറി
സ്‌കൂൾ പിടിഎ പ്രസിഡന്റ്‌
സ്‌കൂളിന്‌ മുതൽക്കൂട്ടാവും
സ്‌കൂളിൽ മൈതാനം ഒരുങ്ങിയാൽ ഏറെ ഗുണം ചെയ്യുക വിദ്യാർഥികൾക്കാണ്‌. കായികമായി മികച്ച കഴിവുകളുള്ള വിദ്യാർഥികൾ സ്‌കൂളിലുണ്ട്‌. അവരുടെ കായിക ശേഷി വർധിപ്പിക്കാൻ ഉതകുന്നതാകും  മൈതാനം. പല കായിക മത്സരങ്ങൾക്കും സ്‌കൂൾ വേദിയായിട്ടുണ്ട്‌. മൈതാനം ഒരുങ്ങിയാൽ കൂടുതൽ മത്സരങ്ങൾ നടത്താനാവും. 
വി കെ സക്കറിയ, പ്രധാനാധ്യാപകൻ
പുതിയ താരങ്ങളെ കണ്ടെത്താം
നിരവധി സംസ്ഥാന ദേശീയ കായിക താരങ്ങളെ വാർത്തെടുത്ത സ്‌കൂളാണ്‌ ചീമേനി സ്‌കൂൾ. കായികമേളയിൽ തുടർച്ചയായി ജില്ലയിൽ ചാമ്പ്യന്മാരാണ്‌  സ്‌കൂൾ. ആധുനിക മൈതാനം പൂർത്തിയാകുന്നതോടെ കായിക മേഖലയിൽ നിരവധി പുതിയ താരങ്ങളെ വാർത്തെടുക്കാൻ  സാധിക്കും.
പി വി പ്രഭാകരൻ 
(റിട്ട. കായികാധ്യാപകൻ)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top