26 November Tuesday
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ

പരാതി അറിയിക്കാം 
വാട്‌സാപ്പിലൂടെ

സ്വന്തം ലേഖികUpdated: Friday Sep 20, 2024

കൊല്ലം

മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടൽ എന്നീ നിയമവിരുദ്ധ പ്രവർത്തനങ്ങളടക്കമുള്ള പരാതികൾ വാട്‌സാപ്പിലൂടെ അറിയിക്കാൻ സംവിധാനമൊരുക്കി ശുചിത്വമിഷൻ. പരാതികൾ വാട്‌സാപ്‌ സംവിധാനത്തിലൂടെ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനാണ്‌ പദ്ധതി. പദ്ധതി പ്രഖ്യാപനം സ്വച്ഛത ഹി സേവാ സംസ്ഥാനതല ഉദ്ഘടനത്തോട് അനുബന്ധിച്ച്‌ കൊല്ലം കോർപറേഷനിൽ നടന്ന ചടങ്ങിൽ തദ്ദേശമന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 
പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും പൊതുജനങ്ങൾക്ക് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടാം. ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെയാണ്‌ ശുചിത്വ മിഷൻ പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് എവിടെനിന്നും വാട്‌സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് തുടർനടപടികൾക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണിത്. നിർദിഷ്ട വാട്‌സാപ്‌ നമ്പരിൽ ഭാഷ തെരഞ്ഞെടുത്ത് മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പർ (അറിയുമെങ്കിൽ), ഫോട്ടോ എന്നിവ സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ തദ്ദേശസ്ഥാപനങ്ങൾക്കു ലഭ്യമാക്കും.  
നിയമലംഘനങ്ങൾ തെളിവ് സഹിതം നൽകുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25ശതമാനം തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകും. ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ പ്രത്യേകം വാട്‌സാപ്‌ നമ്പരുകളായിരുന്നു നിലവിലുണ്ടായിരുന്നത്. ഇത്‌ പൊതുജനങ്ങൾക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റനമ്പർ സേവനം ലഭ്യമാക്കുന്നത്.
പരാതികളിൽ കൃത്യമായ തുടർനടപടി തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്തവർക്കുള്ള പാരിതോഷികം ലഭ്യമാക്കുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും പദ്ധതി പ്രഖ്യാപനച്ചടങ്ങിൽ മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിന്‌ ദൈനംദിന മേൽനോട്ട / അവലോകന സംവിധാനം സംസ്ഥാനതലത്തിൽ തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഭാഗമായി സജ്ജമാക്കും. 2-3 പേരടങ്ങുന്ന കേന്ദ്രീകൃത ഹെൽപ്പ്‌ലൈൻ സംവിധാനം സജ്ജമാക്കും. ലഭിക്കുന്ന പരാതികൾ കൃത്യമായി തദ്ദേശസ്ഥാപനങ്ങൾക്ക്‌ ലഭ്യമാക്കി തുടർനടപടി കൃത്യമാക്കും. കൂടാതെ പരാതിക്കാരന്റെ പേര് വിവരങ്ങൾ രഹസ്യമായി കാത്തുസൂക്ഷിക്കുന്നതിനും സഹായകമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top