കാട്ടാക്കട
കോൺഗ്രസുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റിനെയും മെമ്പർമാരെയും സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സന്ദർശിച്ചു.
ബുധനാഴ്ച കുറ്റിച്ചൽ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നതിനുശേഷമായിരുന്നു കോൺഗ്രസുകാർ അതിക്രമിച്ച് കയറിയത്. പ്രസിഡന്റ് ജി മണികണ്ഠൻ, വികസന ചെയർമാൻ കോട്ടൂർ രാജീവ്, പഞ്ചായത്ത് അംഗങ്ങളായ സുനിൽ കുമാർ, സമീനാ ബീവി എന്നിവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഓഫീസിനു മുന്നിലെ ചില്ലുകളും അടിച്ചുതകർത്തു. ആക്രമണത്തിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് സാരമായി പരിക്കേറ്റു. സമീന ബീവിയുടെ കൈക്ക് പൊട്ടലുണ്ട്.
കോൺഗ്രസ് അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ആവശ്യപ്പെട്ടു. കോൺഗ്രസ് ആസൂത്രിതമായി നടത്തിയ അക്രമത്തിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ, ജി സ്റ്റീഫൻ എംഎൽഎ, സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി റഷീദ് എന്നിവരും സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..