21 December Saturday

അസം സ്വദേശിയുടെ കൊലപാതകം: സുഹൃത്തിന്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

 

കൊല്ലം
അസം സ്വദേശിയെ വെട്ടിക്കൊന്ന കേസിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ചൽ ചന്തമുക്കിനു സമീപമുള്ള അറഫാ ചിക്കൻ സ്റ്റാളിൽ ജോലിചെയ്‌തിരുന്ന ജലാലുദീനെ (26) വെട്ടിക്കൊന്ന കേസിലാണ്‌ അസം സ്വദേശിയായ അബ്ദുൾ അലിയെ (24) കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദ് ശിക്ഷിച്ചത്‌. 2020 ഫെബ്രുവരി അഞ്ചിന്‌ പുലർച്ചെ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചൽ സ്വദേശി അലിയാരുകുഞ്ഞിന്റെ ചിക്കൻ സ്റ്റാളിലെ ജോലിക്കാരായിരുന്നു പ്രതിയും കൊല്ലപ്പെട്ട ജലാലുദീനും. ഇവരും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളും ചിക്കൻ സ്റ്റാളിനോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു താമസം. അബ്ദുൾ അലി കൂടുതൽ സമയം മൊബൈൽ നോക്കിയിരിക്കുന്നത് ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ ജലാലുദീനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 
ദേഹമാസകലം 43 വെട്ടുകളേറ്റ ജലാലുദീൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളികേട്ട്‌ എഴുന്നേറ്റ ഒപ്പമുള്ളവരെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. 
വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കൊലയ്ക്കുശേഷം കഴുത്തറുത്ത് അബ്ദുൾ അലി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. 
അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ സി എൽ സുധീർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്‌ക്കൽ ഹാജരായി. സഹായിയായി ഡബ്ല്യൂസിപിഒ എസ് ദീപ്തിയും പ്രോസിക്യൂഷൻ പരിഭാഷകനായി അഡ്വ. ഷൈൻ മൺറോതുരുത്തും ഹാജരായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top