എഴുകോൺ
ഏഴ് കോണുകളുടെ നാട്ടിൽ ജനസാഗരം തീർത്ത് സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. കല്ലുംപുറം ജങ്ഷനിൽനിന്ന് ആരംഭിച്ച ബഹുജന റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ റാലിക്ക് നേതൃത്വം നൽകി. 10 ലോക്കൽകമ്മിറ്റികളിൽനിന്നുള്ള പുരുഷ–- - വനിത ചുവപ്പുസേന ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മാർച്ച് ചെയ്തു. ബലൂണുകളുമായെത്തിയ കുട്ടികളും വനിതകളുടെ ശിങ്കാരിമേളവും തെയ്യക്കോലങ്ങളും താംബോലയും ഉൾപ്പെടെ വിവിധ കലാരൂപങ്ങളും ഫ്ലോട്ടുകളും റാലിക്ക് കൊഴുപ്പേകി. ഉത്സവാന്തരീക്ഷത്തിലേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പാർടി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി വരവേറ്റു. ഒരു മണിക്കൂറോളം നീണ്ട മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം പാർടി സഖാക്കൾക്ക് ആവേശം പകരുന്നതായി. ഒന്നരപ്പതിറ്റാണ്ടിനു മുമ്പ് സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പിണറായി എഴുകോണിൽ അവസാനമായി വന്നത്. സമ്മേളനത്തിനു ശേഷം ബാനർജീസ് കനൽ അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..