22 December Sunday
വനഭൂമി പട്ടയം

കേന്ദ്രാനുമതിക്കുള്ള നടപടി 
വേഗത്തിലാക്കും: കെ രാജന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
തൃശൂർ
ജില്ലയിലെ വനഭൂമി പട്ടയ വിഷയത്തിൽ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ  രാജൻ. കലക്ടറേറ്റിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വനം, റവന്യൂ സംയുക്ത പരിശോധനാ റിപ്പോർട്ട്‌ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പരിവേഷ് പോർട്ടൽ വഴി കേന്ദ്രത്തിന് സമർപ്പിക്കുന്നത് സമയബന്ധിതമാക്കും. ഓരോ ജില്ലകളിലേയും അപേക്ഷകൾ ഒരുമിച്ച് മാത്രമേ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാവൂ എന്ന നിബന്ധന പുനഃപരിശോധിക്കാനുള്ള ഇടപെടൽ നടത്തും. 
 ഡിസംബറിനു മുമ്പേ ശേഷിക്കുന്ന 3542 അപേക്ഷകളും കേന്ദ്രാനുമതിക്ക് അയയ്ക്കാനുള്ള നടപടികൾക്ക് സമയക്രമം തയ്യാറാക്കണമെന്ന് മന്ത്രി നിർദേശിച്ചു. 9366 അപേക്ഷകൾ ഇതിനകം  പോർട്ടലിലൂടെ സമർപ്പിച്ചിരുന്നു.  അനുമതി വേഗത്തിൽ ലഭ്യമാക്കാൻ  കേന്ദ്രമന്ത്രിയെ  വീണ്ടും കാണുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അനുമതി ഉറപ്പാക്കിയ 261 അപേക്ഷകളിൽ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു. 
    കേന്ദ്രാനുമതി ലഭിച്ച അപേക്ഷകളിൽ ഇനിയും രേഖകൾ സമർപ്പിച്ച് പട്ടയം സ്വീകരിക്കാത്തവരുണ്ട്.  ഇക്കാര്യത്തിൽ ഡിസംബറിൽ അദാലത്ത്‌  നടത്താനും  മന്ത്രി നിർദേശിച്ചു.  
 ലാൻഡ് റവന്യൂ കമീഷണർ ഡോ. എ കൗശികൻ,  കലക്ടർ അർജുൻ പാണ്ഡ്യൻ, റവന്യൂ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജെ  മധു, എഡിഎം ടി  മുരളി, സബ് കലക്ടർ അഖിൽ വി മേനോൻ, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, സ്‌പെഷൽ തഹസിൽദാർ  സി എസ് രാജേഷ്, ഭൂരേഖാ തഹസിൽദാർ നിഷ എം ദാസ്, വനഭൂമി തഹസിൽദാർ നാരായണൻകുട്ടി,  താലൂക്ക് തഹസിൽദാർ ടി വി ജയശ്രീ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top