നീലേശ്വരം
നീലേശ്വരം എഫ് സിഐ ഗോഡൗൺ കെട്ടിടത്തിൽ കാലം തെറ്റി അറ്റകുറ്റപ്പണി; മേൽക്കൂര മാറ്റിയ കെട്ടിടം ഒരു മാസത്തോളമായി മഴയിൽ കുതിരുന്നു. രണ്ട് ഗോഡൗണുകളിൽ ഒന്നിന്റെ മേൽക്കൂരയാണ് പൂർണമായി നീക്കിയത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗോഡൗണിന്റെ ചുമരുകളും ഉൾവശവും മഴയിൽ കുതിർന്നു നിൽക്കുന്നു. ഇത് കെട്ടിടത്തിന്റെ ബലക്ഷയത്തിനും ഭാവിയിൽ കീടബാധയ്ക്കും ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ദേശവ്യാപകമായി എഫ് സിഐ ഗോഡൗണുകൾക്ക് കളർ കോഡ് ഏർപ്പെടുത്തി ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതുക്കിപ്പണിയൽ.
ഒരു ഗോഡൗണിന്റെ മേൽക്കൂര നീക്കിയതോടെ ഇവിടത്തെ ധാന്യസംഭരണവും പകുതിയാക്കി. പുഴുക്കലരി മാത്രമാണ് ഒരു മാസമായി ഇവിടെ സംഭരിക്കുന്നത്. പച്ചരി, ഗോതമ്പ് എന്നിവ പയ്യന്നൂർ ഗോഡൗണിലാണ്. ഇതോടെ നീലേശ്വത്തെ കയറ്റിറക്ക് തൊഴിലാളികളുടെ ജോലിയും വരുമാനവും കുറഞ്ഞു. പുതിയ കളർ കോഡിന്റെ ഭാഗമായി എഫ് സി ഐ ഗോഡൗണുകളുടെ മേൽക്കൂരയ്ക്ക് നീലനിറത്തിലുള്ള ഷീറ്റാണ് സ്ഥാപിക്കുന്നത്. ചുമരുകൾക്ക് പച്ച, കാവി നിറമാണെന്ന് പറയുന്നു. അതിനിടെ
പൊളിച്ചു മാറ്റിയ മേൽക്കൂരയ്ക്ക് പകരം പുതിയത് സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. പ്രാഥമിക ജോലികളും തുടങ്ങി. പണി ഉടൻ പൂർത്തിയാക്കുമെന്ന് മാനേജർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..