23 December Monday
മരിച്ചത്‌ ആലപ്പുഴ തലവടി സ്വദേശികള്‍

കുവൈത്തിൽ ഫ്ലാറ്റിന്‌ തീപിടിച്ച്‌ 
നാലംഗകുടുംബം മരിച്ചു

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

മാത്യു , ലിനി എബ്രഹാം, ഐറിൻ , ഐസക്

തലവടി (ആലപ്പുഴ) 
കുവൈത്തിലെ അബ്ബാസിയയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ  തലവടി സ്വദേശികളായ നാലംഗ കുടുംബം ശ്വാസംമുട്ടി മരിച്ചു. നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ്‌ വി മുളയ്‌ക്കൽ -(ജിജോ–- 42 ), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.  പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ഞായർ ഉച്ചയോടെ കുവൈത്തിലെ സബാ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും. 
ഷോർട്ട്‌ സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്‌ കരുതുന്നു. അഗ്നി രക്ഷാസേന നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌.  
40 ദിവസത്തെ അവധിക്ക്‌ ശേഷം നാട്ടിൽനിന്ന് വെള്ളി വൈകിട്ട്‌ അഞ്ചോടെയാണ്‌ ഇവർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപത്തെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്‌. നാലു മണിക്കൂറിനുശേഷമാണ്‌ തീപിടിത്തം. രാത്രി 9.20ഓടെ ഇവർ താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിലുള്ള എ സി ഔട്ടർ യൂണിറ്റിൽ നിന്നാണ്‌ തീപടർന്നതെന്നാണ്‌ വിവരം. 
അഞ്ചു നിലകളുള്ള ഫ്ലാറ്റിൽ രണ്ടാമത്തെ നിലയിലെ ആറാം നമ്പർ ഫ്ലാറ്റിലാണ്‌ മാത്യൂസും കുടുംബവും താമസിച്ചിരുന്നത്‌. എ സിയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട്‌ സമീപ താമസക്കാർ അഗ്നി രക്ഷാസേനയെ  വിവരമറിയിച്ചു. പിന്നാലെ മറ്റ്‌ താമസക്കാരെ പുറത്തെത്തിക്കാൻ ശ്രമിച്ചു. ഫ്ലാറ്റിലെത്തി വാതിലിൽ തട്ടി വിളിച്ചപ്പോൾ മാത്യൂസ്‌ വാതിൽ തുറന്നതായി സമീപ താമസക്കാരനായ കണ്ണൂർ സ്വദേശി സി കെ നൗഷാദ്‌ പറഞ്ഞു. ഈ സമയം മുറിക്കുള്ളിൽനിന്ന്‌ കറുത്തപുക പുറത്തേക്കു വന്നു. മുകൾ നിലകളിലുള്ളവരെ വിളിക്കാനായി തങ്ങൾ പോയെന്നും ഭാര്യയെയും കുട്ടികളെയും കൂട്ടി മാത്യൂസ്‌ പുറത്തിറങ്ങിക്കാണുമെന്നാണ്‌ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. 
കുവൈത്തിൽ സ്‌കൂൾ അവധിയായതിനാൽ ജൂൺ ആദ്യമാണ്‌ മാത്യൂസ്‌ കുടുംബസമേതം തലവടിയിലെ വീട്ടിലെത്തിയത്‌. അച്ഛൻ വർഗീസ്‌ ടി മുളയ്‌ക്കൽ എട്ടുവർഷംമുമ്പ്‌ മരിച്ചു. അമ്മ റേയ്‌ച്ചൽ വർഗീസ്‌ മാത്രമാണ്‌ ഇവിടെ താമസം. കുവൈത്തിലെ ഫ്ലാറ്റിലെത്തിയ മാത്യൂസ്‌ അമ്മയെ വിളിച്ചിരുന്നു. കനത്ത ചൂടും യാത്രാക്ഷീണവും മൂലം എസി ഓൺചെയ്‌ത്‌ നേരത്തെ ഉറങ്ങാനായി കിടന്നു. 
കുവൈത്തിൽ റോയിട്ടേഴ്‌സിൽ വിവര സാങ്കേതിക വിഭാഗം എൻജിനിയറാണ്‌ മാത്യൂസ്‌. ലിനി എബ്രഹാം അബ്ബാസിയയിലെ അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സും. മാത്യൂസിന്റെ സഹോദരിമാരിൽ ഒരാളായ ഷീജയും കുടുംബത്തോടെ കുവൈത്തിലുണ്ട്‌. സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ ഇവരാണ്‌ നാട്ടിൽ വിവരമറിയിച്ചത്‌.
ഐറിൻ അബ്ബാസിയ ഭവൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ഐസക്‌ നാലാം ക്ലാസ്‌ വിദ്യാർഥിയുമാണ്‌. തലവടി അർത്തിശ്ശേരി പുത്തൻപറമ്പ് പി കെ എബ്രഹാമാണ്‌ ലിനിയുടെ അച്ഛൻ. അമ്മ: ഡില്ലി എബ്രഹാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top