കൊല്ലം
ഇരവിപുരം റെയിൽവേ മേൽപ്പാലനിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എം നൗഷാദ് എംഎൽഎ. റെയിൽവേ നടത്തേണ്ട നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തിയാക്കാമെന്ന് ഉറപ്പുലഭിച്ചു. മേൽപ്പാലത്തിന് ആകെ 13 തൂണുകളാണുള്ളത്. അതിൽ മൂന്നു തൂണുകളാണ് റെയിൽവേ നിർമിയ്ക്കേണ്ടത്.
സംസ്ഥാന സർക്കാർ ഏജൻസിയായ ആർബിഡിസികെ ചുമതലയുള്ള 10 തൂണുകളുടെ നിർമാണവും ഗർഡർ സ്ഥാപിക്കലും പൂർത്തിയായി. ഗർഡറുകളും ഡക്ക് സ്ലാബുകൾക്കുമുള്ള നിർമാണാനുമതി റെയിൽവേയിൽനിന്ന് ലഭിക്കാൻ കാലതാമസമെടുത്തു. റെയിൽവേ 2023 ഡിസംബറിൽ പൂർത്തിയാക്കേണ്ട പ്രവൃത്തിയാണിത്. തൂണുകളിലെ ഗർഡറുകളും ഡക്ക് സ്ലാബുകളും ഉപയോഗപ്പെടുത്തി മാത്രമേ ആർബിഡിസികെയ്ക്ക് തുടർന്നുള്ള പ്രവൃത്തികൾ പൂർത്തിയാക്കാനാകൂ.
കിഫ്ബിയിൽനിന്ന് അനുവദിച്ച 37.14 രൂപയുടെ പദ്ധതിയിൽ നിർമാണത്തിന് 26.33 കോടിയും ഭൂമിയേറ്റെടുക്കുന്നതിന് 10.81 കോടിയുമാണുള്ളത്. 412 മീറ്റർ നീളത്തിലും 10.05 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിക്കുന്നത്. 86 ഉടമകളിൽനിന്നായി ഒരേക്കർ മുപ്പതു സെന്റ് സ്ഥലം ഏറ്റെടുത്തു. ഇരവിപുരം മണ്ഡലത്തിൽ ആറ് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായി സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്ന് 222.43 കോടിരൂപയാണ് അനുവദിച്ചത്. ഇരവിപുരം- 37.14കോടി, മയ്യനാട്- 25.94കോടി, കോളേജ് ജങ്ഷന്‍- 44.66കോടി, കല്ലുംതാഴം (കുറ്റിച്ചിറ)- 30.93കോടി, കൂട്ടിക്കട- 52.24കോടി, പോളയത്തോട്- 31.52കോടി എന്നിങ്ങനെയാണ് കണക്കുകൾ.
പോളയത്തോട് ഒഴികെയുള്ള മേൽപ്പാലങ്ങളുടെ നിർവഹണ ഏജൻസി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ആർബിഡിസികെയ്ക്കാണ്. പോളയത്തോട് മേൽപ്പാലം നിർമിക്കുന്നത് കെ -റെയിൽ കോർപറേഷനും. മയ്യനാട്, കൂട്ടിക്കട, എസ്എൻ കോളേജ് ജങ്‌ഷൻ, കല്ലുംതാഴം (കുറ്റിച്ചിറ), പോളയത്തോട് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കുന്ന പ്രക്രിയ വിവിധഘട്ടങ്ങളിലാണ്. ഉടമകൾക്ക് ഭൂമിവില വിതരണംചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..