21 September Saturday
കാറിടിപ്പിച്ച്‌ കൊലപാതകം

അജ്മലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജനരോഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024
ശാസ്താംകോട്ട
സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ കാർകയറ്റിക്കൊന്ന സംഭവത്തിൽ ഒന്നാംപ്രതി മുഹമ്മദ് അജ്മലുമായി സംഭവസ്ഥലത്ത്‌ തെളിവെടുപ്പിനെത്തിയ പൊലീസ് ജനരോഷത്തെ തുടർന്ന് മടങ്ങി. രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിയെ സ്റ്റേഷനിലേക്കു മാറ്റിയ ശേഷമാണ് അജ്മലുമായി ആനൂർക്കാവിലെത്തിയത്. തെളിവെടുപ്പ് നടത്താനും വിശദമായ ചോദ്യംചെയ്യലിനും വേണ്ടി ശാസ്താംകോട്ട കോടതിയാണ് പ്രതികളെ 22 വൈകിട്ട് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് പകൽ മൂന്നോടെ കാർ ഓടിച്ചിരുന്ന ഒന്നാംപ്രതി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് തെളിവെടുപ്പിനായി എത്തിച്ചത്. എന്നാൽ, അപകടത്തിൽ കൊല്ലപ്പെട്ട കുഞ്ഞുമോളുടെ(45) പെൺമക്കളും നാട്ടുകാരായ സ്ത്രീകളും മറ്റുള്ളവരും പൊലീസ് വാഹനം തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രതിയെ സംഭവസ്ഥലത്തിറക്കാതെ പൊലീസ് മടങ്ങി.
ഇടക്കുളങ്ങരയിൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികൾ ഓടിക്കയറിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ട്‌ നാലരയോടെ വീണ്ടും ആനൂർക്കാവിൽ എത്തിച്ചെങ്കിലും നാട്ടുകാർ പിരിഞ്ഞു പോയിരുന്നില്ല. തുടർന്ന്‌ സംഭവ ദിവസം പ്രതികൾ മദ്യസൽക്കാരത്തിൽ പങ്കെടുത്ത പറയരുകാവിലെ വീട്ടിലും കാർ നൽകിയ സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കുമ്പോൾ പ്രതികളുടെ സുരക്ഷ കർശനമായി ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top