കൊല്ലം
ഒമ്പതു ദിവസത്തിനിടെ മൂന്നു വാഹനത്തിലായി രേഖയില്ലാതെ കടത്താന്‍ ശ്രമിച്ച 23.35 ടൺ ആക്രി പിടികൂടി. ചൊവ്വ രാത്രി 12ന് കൊല്ലത്തുനിന്ന് പാലക്കാട്ടേക്കു കടത്താൻ ശ്രമിച്ച ഒമ്പതു ടൺ ആക്രി ബാറ്ററി സംസ്ഥാന ജിഎസ്‌ടി കൊല്ലം എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കായംകുളത്തുനിന്നാണ് വാഹനം പിടിച്ചത്. 10.64ലക്ഷം രൂപ പിഴയിട്ടു.
പുലർച്ചെ രണ്ടിന് ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽനിന്ന് തിരുനെൽവേലിക്ക് അലുമിനിയം, ചെമ്പ്, കോപ്പർ ആക്രി സാധനങ്ങളുമായി പോയ വാഹനം ആര്യങ്കാവ് ചെക്‌പോസ്റ്റിനു സമീപത്തുനിന്ന് പുനലൂർ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പിടികൂടി. 6.350 ടൺ സാധനങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വിലയേറിയ ചെമ്പ്, കോപ്പർ സാധനങ്ങളുടെ വിവരം ഇൻവോയ്‌സിൽ ഇല്ലായിരുന്നു. പകരം അലുമിനിയം, സ്റ്റീൽ, ഇരുമ്പ് ആക്രി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 9.60ലക്ഷം രൂപയാണ് പിഴയിട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച ആര്യങ്കാവ് ചെക്‌പോസ്റ്റിനു സമീപത്തുനിന്നാണ് ആക്രി ബാറ്ററിയുമായുള്ള വാഹനം പിടിച്ചത്. കാലി വണ്ടിയെന്ന വ്യാജേന കടക്കാൻ ശ്രമിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എട്ടു ടണ്ണിന്റെ സാധനങ്ങൾ. 10 ലക്ഷം രൂപ പിഴയടയ്ക്കാന്‍ നോട്ടീസ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..