21 September Saturday

ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണം തടസ്സപ്പെടുത്തി കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024
വടക്കാഞ്ചേരി 
വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനം തടസ്സപ്പെടുത്തി കോൺഗ്രസ്‌ കൗൺസിലർമാർ.  കായിക വകുപ്പിന്റെ സഹകരണത്തോടെ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ഇടപെടലിൽ ഒരു കോടി ചെലവിട്ടുള്ള നിർമാണ പ്രവർത്തനങ്ങളാണ്‌ കൗൺസിലർമാരായ സന്ധ്യാ കൊടക്കാടത്ത്, പി എൻ വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ തടസ്സപ്പെടുത്തിയത്. ഇവരെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 
വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ്‌ വികസനം മുടക്കാനുള്ള ആസൂത്രിത  സംഭവങ്ങൾ അരങ്ങേറിയത്.  കരാറുകാർ ജെസിബി ഉപയോഗിച്ച് ഗ്രൗണ്ടിനുള്ളിലെ മേൽമണ്ണ് നീക്കം ചെയ്യുന്നതാണ് തടസ്സപ്പെടുത്തിയത്. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ സ്ഥലത്തെത്തി നിർമാണ പ്രവർത്തനം തുടരാൻ കരാറുകാരനോട് ആവശ്യപ്പെട്ടതോടെ കോൺഗ്രസ്‌ കൗൺസിലർ  ചെയർമാനുമായി  വാക്കുതർക്കമായി. ഇതേ സമയം  വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തടസ്സപ്പെടുത്തിയവരോട് സംസാരിച്ചെങ്കിലും അവർ പിന്തിരിഞ്ഞില്ല . തുടർന്ന് വടക്കാഞ്ചേരി എസ്ഐ ടി സി അനുരാജിന്റെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 
   എക്സി. എൻജിനിയറുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു. പ്രദേശവാസികൾക്ക് റോഡിന് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത രീതിയിലാണ് ഗ്രൗണ്ട് നവീകരണം നടക്കുന്നതെന്ന്‌ നഗരസഭാ ചെയർമാൻ പറഞ്ഞു. നാടിന്റെ  വികസന പ്രവർത്തനത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പകപോക്കൽ നടപടിയാണ് കോൺഗ്രസ്‌ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുന്നത്‌. വികസന മുടക്കികൾക്കെതിരെ  നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെയർമാൻ പി എൻ സുരേന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top